ന്യൂഡൽഹി
ഉത്തരേന്ത്യയിൽ രാസവളംക്ഷാമം രൂക്ഷമായതോടെ കർഷകർ കടുത്ത പ്രതിസന്ധിയിൽ. റാബി സീസണിലേക്കുള്ള വിത്തുവിതയ്ക്കലിനുമുമ്പ് വളം കിട്ടാനുള്ള നെട്ടോട്ടത്തിലാണ് കർഷകർ. യുപിയിലെ ബുന്ദേൽഖണ്ഡ് മേഖലയിൽ വളം തേടിയുള്ള അലച്ചിലിനിടെ അഞ്ച് കർഷകർ മരിച്ചു. കൃഷി മുടങ്ങുമെന്ന നിരാശയിൽ മധ്യപ്രദേശിലും യുപിയിലും ഓരോ കർഷകർ ആത്മഹത്യ ചെയ്തു. ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി), പൊട്ടാഷ് വളങ്ങളാണ് തീർത്തും കിട്ടാനില്ലാത്തത്. വിത്തുവിതയ്ക്കലിനുമുമ്പ് ഇടേണ്ട വളമാണ് ഡിഎപി. ഒക്ടോബർ 31 വരെയുള്ള കണക്കുപ്രകാരം രാജ്യത്ത് ഡിഎപി ശേഖരം 14.63 ലക്ഷം ടൺമാത്രം. മുൻവർഷങ്ങളിൽ 44.95 ലക്ഷം ടണ്ണും 64 ലക്ഷം ടണ്ണും ശേഖരമുണ്ടായിരുന്ന സ്ഥാനത്താണ് ഇത്.
പൊട്ടാഷ് ശേഖരം 7.82 ലക്ഷം ടൺമാത്രമാണ്. 2020ൽ 21.70 ലക്ഷം ടണ്ണും 2019ൽ 21.52 ലക്ഷം ടണ്ണുമായിരുന്നു ശേഖരം. കഴിഞ്ഞ വർഷത്തേക്കാൾ പൊട്ടാഷിന്റെ വിതരണം 68 ശതമാനം കുറവാണ്. ഡിഎപി വിതരണത്തിൽ 31 ശതമാനമാണ് ഇടിവ്. വളം ക്ഷാമത്തിനൊപ്പം വിലക്കയറ്റവും കർഷകർക്ക് പ്രതിസന്ധിയാണ്. സബ്സിഡി തുക ഉയർത്തില്ലെന്ന നിലപാടാണ് വിലക്കയറ്റത്തിനു കാരണം.
വിലനിയന്ത്രണത്തിനും സർക്കാർ കൂട്ടാക്കുന്നില്ല. സ്വകാര്യ വിപണിയിലാകട്ടെ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും രൂക്ഷവും. ഡിപ്പോകൾക്കു മുന്നിൽ ദിവസങ്ങളോളം നിന്നാലും വളം കിട്ടാനില്ല.
ഇടപെട്ടില്ലെങ്കില്‍ വന്‍ പ്രത്യാഘാതം ; മുന്നറിയിപ്പുമായി കിസാൻസഭ
വളംപ്രതിസന്ധി പരിഹരിക്കാൻ അടിയന്തര തിരുത്തൽനടപടിക്ക് കേന്ദ്രം തയ്യാറായില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് കിസാൻസഭ. വളം കൂടുതൽ ലഭിക്കുന്ന സ്രോതസ് കണ്ടെത്താൻ ഉന്നതതല കർമസമിതിയുണ്ടാക്കണം. പോഷകാധിഷ്ഠിത സബ്സിഡി പദ്ധതിയിൽ (എൻബിഎസ്) എല്ലാ വളത്തിനും വിലനിയന്ത്രണം പുനഃസ്ഥാപിക്കണം. ദേശീയാടിസ്ഥാനത്തിൽ വളം ഉൽപ്പാദനം വർധിപ്പിക്കാനും ശേഖരം ഉറപ്പാക്കാനും വിദഗ്ധരുടെ ഉന്നതതല സമിതിക്ക് രൂപം നൽകണം. പൊതുമേഖലാ സ്ഥാപനങ്ങൾ വഴി വളം ഇറക്കുമതി ചെയ്യണമെന്നും കിസാൻ സഭ ആവശ്യപ്പെട്ടു.
കാർഷികമേഖലയിൽ കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതം മോദി സർക്കാർ ഗൗരവത്തിലെടുത്തില്ല. ക്ഷാമമില്ലെന്നും കർഷകരാണ് കുറ്റക്കാരെന്ന തരത്തിൽ വളം പൂഴ്ത്തിവയ്ക്കരുതെന്നുമാണ് വളംമന്ത്രിയുടെ നിർദേശം.
ആഭ്യന്തര വളം ഉൽപ്പാദനമേഖലയെയും പൊതുമേഖലയെയും കേന്ദ്രം തളർത്തിയതോടെ ഇറക്കുമതി ആശ്രയിക്കേണ്ടിവന്നു. 2020ൽ യൂറിയയുടെ 25 ശതമാനവും ഡിഎപിയുടെ 65 ശതമാനവും പൊട്ടാഷിന്റെ 100 ശതമാനവും ഇറക്കുമതി ചെയ്തു. 2021ന്റെ തുടക്കംമുതൽ വില ഉയർന്നെങ്കിലും വളംസംഭരണത്തിൽ കേന്ദ്രം ശ്രദ്ധിച്ചില്ല. ഉപതെരഞ്ഞെടുപ്പുകഴിയുംവരെ വില കൂട്ടരുതെന്ന് കമ്പനികളോട് ആവശ്യപ്പെടുകമാത്രമാണ് കേന്ദ്രം ചെയ്തതെന്നും കിസാൻസഭ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.