തിരുവനന്തപുരം > നിയമനിർമാണ സഭകളിൽ അംഗമായ മലയാളി വനിതകൾക്ക് സംസ്ഥാനത്തിന്റെ ആദരം. സ്ത്രീസമത്വത്തിനായി സാംസ്കാരിക മുന്നേറ്റം എന്ന ആശയം മുൻനിർത്തി സാംസ്കാരിക വകുപ്പ് തുടക്കം കുറിച്ച സമം പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ആദരിക്കൽ സംഘടിപ്പിച്ചത്.
നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന പ്രൗഢഗംഭീര ചടങ്ങളിൽ നിയമസഭയിലും പാർലമെന്റിലും അംഗങ്ങളായ 41 വനിതകളെയാണ് ആദരിച്ചത്. പരിപാടി ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. സ്പീക്കർ എം ബി രാജേഷ് അധ്യക്ഷനായി. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ രാജൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സമം ബ്രാൻഡ് അംബാസിഡർ ഗായിക കെ എസ് ചിത്ര എന്നിവർ സംസാരിച്ചു. സാംസ്കാരിക മന്ത്രി സജി ചെറിയാൻ സ്വാഗതവും വകുപ്പ് സെക്രട്ടറി റാണി ജോർജ് നന്ദിയും പറഞ്ഞു.
സമാജികരായ വനിതകളെ ഗവർണർ ഷാൾ അണിയിച്ച് ഉപഹാരം കൈമാറി. ഭാർഗവി തങ്കപ്പൻ, ടി എൻ സീമ, സി എസ് സുജാത, ജെ മേഴ്സിക്കുട്ടി അമ്മ, നബീസ ഉമ്മാൾ, മീനാക്ഷി തമ്പാൻ, ഗിരിജ സുരേന്ദ്രൻ, ആർ ലതാദേവി, സാവിത്രി ലക്ഷ്മണൻ, ശോഭന ജോർജ്, എലിസബത്ത് മാമ്മൻ, മാലേത്ത് സരളാദേവി, ഐഷ പോറ്റി, ജെ അരുന്ധതി, കെ കെ ലതിക, കെ എസ് സലീഖ, ഗീത ഗോപി, ജമീല പ്രകാശം, കെ കെ ശൈലജ, സി കെ ആശ, യു പ്രതിഭ, കെ സി റോസക്കുട്ടി, വീണാ ജോർജ്, ദലീമ, ജെ ചിഞ്ചുറാണി, കാനത്തിൽ ജമീല, കെ കെ രമ, ഒ എസ് അംബിക, കെ ശാന്തകുമാരി എന്നിവർ ചടങ്ങിൽ ആദരവ് ഏറ്റുവാങ്ങി. തുടർന്ന് കലാപരിപാടികളും അരങ്ങേറി.