ഷാർജ
ഇംഗ്ലീഷ് വിക്കറ്റ്കീപ്പർ ജോസ് ബട്ലർ ലങ്കൻ ബൗളർമാരെ പൊരിച്ചു. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സെഞ്ചുറി നേടിയ ബട്ലറുടെ (67 പന്തിൽ 101*) ബാറ്റ് ഇംഗ്ലണ്ടിന് മികച്ച സ്കോർ സമ്മാനിച്ചു. ശ്രീലങ്കയ്ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 163 റണ്ണെടുത്തു.
അവസാന പന്തിൽ സിക്സറടിച്ചാണ് ബട്ലറുടെ അപരാജിത സെഞ്ചുറി. ആറുവീതം ഫോറും സിക്സറും. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഒമ്പത് റണ്ണെടുത്ത ഓപ്പണർ ജാസൺ റോയിയെ രണ്ടാം ഓവറിൽ വണീന്ദു ഹസരങ്ക ബൗൾഡാക്കി. ഡേവിഡ് മലാനും (6) ജോണി ബിയർസ്റ്റോയും (0) മടങ്ങിയതോടെ ഇംഗ്ലണ്ട് പ്രതിസന്ധിയിലായി (3–-35). ബട്ലർക്ക് കൂട്ടെത്തിയ ക്യാപ്റ്റൻ ഇയോവിൻ മോർഗൻ ടീമിനെ നയിച്ചു. മോർഗൻ 36 പന്തിൽ 40 റണ്ണെടുത്തു. ഒരു ഫോറും മൂന്ന് സിക്സറും പറത്തിയ മോർഗൻ ബട്ലർക്കൊപ്പം നാലാം വിക്കറ്റിൽ നേടിയത് 112 റൺ. ലങ്കയ്ക്കായി ഹസരങ്ക മൂന്ന് വിക്കറ്റെടുത്തു.
ഇംഗ്ലണ്ട് 4–-163
ജോസ് ബട്ലർ 67 പന്തിൽ 101*
ഇയോവിൻ മോർഗൻ 36 പന്തിൽ 40
ബൗളിങ്: വണീന്ദു ഹസരങ്ക 4–-0–-21–-3