തിരുവനന്തപുരം
ഇതുവരെ കാണാത്ത ഒരു കാഴ്ചയ്ക്ക് സാക്ഷികളാകാൻ, നാടാകെ, കേരളമാകെ സ്കൂളിലെത്തി. ഒന്നുംരണ്ടും ക്ലാസ് കുട്ടികൾ ആദ്യമായി ഒന്നിച്ച് സ്കൂളിന്റെ പടികടന്നെത്തിയ ആ ചരിത്രമുഹൂർത്തത്തിനൊപ്പം ചേരാനാണ് ‘പിറന്നാൾ ദിന’മായിട്ടും മലയാളമാകെ ‘തിരികെ സ്കൂളിലേക്കെ’ത്തിയത്. സ്കൂൾ കവാടത്തിൽ ഗംഭീര വരവേൽപ്പ് ഏറ്റുവാങ്ങിയ പിഞ്ചോമനകൾക്ക് ക്ലാസ് മുറികളിലെത്തിയപ്പോൾ കൈനിറയെ സമ്മാനപ്പൊതികളും പഠനോപകരണങ്ങളും കിട്ടി. ആദ്യദിനം 80 ശതമാനം വിദ്യാർഥികൾ സ്കൂളുകളിലെത്തി. 12,08,290 പേരാണ് ഹാജരായത്. ഒന്നുമുതൽ പത്തുവരെ 1,44,531 അധ്യാപകരും ഹാജരായി.
കോവിഡിൽ 18 മാസമായി അടഞ്ഞുകിടക്കുകയായിരുന്നു സംസ്ഥാനത്തെ സ്കൂളുകൾ.
മാസ്ക് ധരിച്ച് ബുക്കിനും പേനയ്ക്കുമൊപ്പം സാനിറ്റൈസറും ബാഗിൽ വച്ച് രാവിലെ 8.30 മുതൽ വിദ്യാർഥികളെത്തി. ശരീരതാപ പരിശോധനയ്ക്കുശേഷം സാനിറ്റൈസർ നൽകി അധ്യാപകർ ക്ലാസ് മുറികളിലേക്ക് നയിച്ചു. പിന്നെ പരിചയം പുതുക്കലും കളിചിരികളും. ഓൺലൈനായി കണ്ട് പരിചയപ്പെട്ടവർക്ക് നേരിൽ കണ്ടപ്പോൾ ആഹ്ലാദം അടക്കാനായില്ല.
രണ്ട് പേർ വീതമാണ് ഒരു ബെഞ്ചിൽ. ഒരു ക്ലാസിൽ 20-ൽ താഴെ വിദ്യാർഥികളെയാണ് പ്രവേശിപ്പിച്ചത്. കൂടുതൽ കുട്ടികളുള്ളയിടത്ത് ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്ലാസ്. കഥകളും കളികളുമാണ് ആദ്യ ദിനത്തിലുണ്ടായത്. ഉച്ചവരെയായിരുന്നു ക്ലാസ്. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടൺഹിൽ ഗവ. എൽപിഎസിൽ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.