കോഴിക്കോട്
വലിയൊരു പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് ഗോകുലം കേരള എഫ്സിയുടെ പെൺപട. കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ മഴയും വെയിലും വകവയ്ക്കാതെ കഠിനപരിശീലനത്തിലാണ്. കണ്ണൂരുകാരി പി വി പ്രിയയാണ് കോച്ച്. ജോർദാനിൽ നടക്കുന്ന ഏഷ്യൻ കോൺഫെഡറേഷൻ (എഎഫ്സി) വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിനായി ടീം നാളെ പുറപ്പെടും.
ദേശീയതാരങ്ങളാണ് ഇന്ത്യൻ വനിതാ ലീഗ് ചാമ്പ്യന്മാരുടെ കരുത്ത്. ഏഴിന് ജോർദാനിൽനിന്നുള്ള അമ്മാൻ ക്ലബ്ബുമായാണ് ആദ്യമത്സരം. ഇറാനിൽനിന്നുള്ള ഷാർദാരി സിർജാൻ ക്ലബ്ബിനെ 10നും ഉസ്ബക്കിസ്ഥാനിൽനിന്നുള്ള എഫ്സി ബൻയോദ് കേറിനെ 13നും നേരിടും.അടുത്തവർഷംമുതൽ എഎഫ്സി ആരംഭിക്കുന്ന വനിതാ ഫുട്ബോൾ ചാമ്പ്യൻസ് ലീഗിന് മുന്നോടിയായാണ് ഏഷ്യൻ വനിതാ ക്ലബ് ചാമ്പ്യൻഷിപ് ഒരുക്കിയത്. മത്സരത്തിൽ പങ്കെടുക്കാൻ ഇന്ത്യയിൽനിന്നുള്ള ക്ലബ്ബിന് അവസരം ലഭിക്കുന്നതും ആദ്യമായാണ്.
ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ക്ലബ്ബുകൾ ഉൾപ്പെട്ട മത്സരം 2019ൽ നടന്നിരുന്നു. അതിനുശേഷം ചാമ്പ്യൻഷിപ് നടക്കുന്നത് ഇപ്പോഴാണ്.
ഇന്ത്യൻ താരങ്ങളായ അദിതി ചൗഹാൻ, ശ്രേയ ഹൂഡ, രഞ്ജന ചാനു, റിതു റാണി, ഡാലിമ ചിബ്ബർ, സൗമ്യ ഗുഗുലോത്ത്, കരിഷ്മ പുരുഷോത്തം, മിഷേൽ മാർഗരറ്റ്, മനീഷ കല്യാൺ എന്നിവരുടെ കരുത്തിലാണ് ഗോകുലം ഇറങ്ങുന്നത്. കണ്ണൂരിൽനിന്നുള്ള ഗോൾ കീപ്പർ ഹീര ഗീതരാജ്, വയനാട്ടിലെ മഞ്ജുബേബി, കോഴിക്കോട്ടുകാരി ഫെമിന രാജ് എന്നിവരാണ് മലയാളികൾ. സോണാലി, കാശ്മിന, അനുഷ്ക സാമുവേൽ, സമീക്ഷ എന്നിവരും ടീമിലുണ്ട്.
കൊളംബിയയിൽനിന്നുള്ള കാരൻ പയസും മ്യാൻമറുകാരി വിൻ തെയ്ഗിയും ടീമിന്റെ മുതൽക്കൂട്ടാണ്. ഘാനക്കാരികളായ എൽഷദ്ദായി അചെംപോങ്, സൂസൻ അമാ ദുഅ എന്നിവരും യുഎസിൽനിന്നെത്തിയ അഡ്രിയാന തിറാഡോയും ടീമിലുണ്ട്.