കൊച്ചി: കേരളപ്പിറവി ദിനത്തിൽ കൊച്ചി മെട്രോയുടെ മഹാരാജാസ് സ്റ്റേഷനിൽ എത്തിയ യാത്രക്കാർക്ക് കിട്ടിയത് കിടിലൻ സർപ്രൈസ്. പൂർണമായും ഡിജിറ്റലായി വരച്ച കാരിക്കേച്ചറാണ് സമ്മാനമായി ലഭിച്ചത്. കേരള കാർട്ടൂൺ അക്കാദമിയും കൊച്ചി മെട്രോയുമായി ചേർന്നാണ് ലൈവ് ഡിജിറ്റൽ കാരിക്കേച്ചർ ഷോ സംഘടിപ്പിച്ചത്.
ഡിജിറ്റൽ ഉപകരണങ്ങൾ മാത്രം ഉപയോഗിച്ച് കാരിക്കേച്ചർ തത്സമയം വരയ്ക്കുന്നതായിരുന്നു പരിപാടി. പേപ്പറിൽ പേന കൊണ്ടും ബ്രഷുകൊണ്ടും വരച്ച കാരിക്കേച്ചറും കാർട്ടൂണും മാത്രം കണ്ടു ശീലിച്ചവർക്ക് ഇത് തികച്ചും പുതുമയുള്ള അനുഭവമായി.
കാരിക്കേച്ചറിസ്റ്റുകളായ രതീഷ് രവി, വിനയതേജസ്വി, ജയരാജ് ടി ജി, ശിവദാസ് വാസു, അനന്തു സി ബി എന്നിവരായിരുന്നു ചിത്രകാരന്മാർ. കാരിക്കേച്ചറുകൾ കെഎംആർഎല്ലിന്റെ ഫേസ്ബുക്ക് പേജിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പങ്കുവെച്ചിട്ടുണ്ട്.
കേരളത്തിൽ ഇത്തരത്തിൽ പൂർണമായ ഡിജിറ്റൽ കാരിക്കേച്ചർ ഷോ ഇതാദ്യമായാണെന്ന് പരിപാടിയുടെ കോർഡിനേറ്റർ കാർട്ടൂണിസ്റ്റ് അനൂപ് രാധാകൃഷ്ണൻ പറഞ്ഞു. കെഎംആർൽ ഓപ്പറേഷൻസ് ഡിജിഎം പ്രദീപ് കുമാർ പരിപാടിക്ക് നേതൃത്വം നൽകി.