കൊച്ചി
ജനങ്ങളെ ജീവിക്കാൻ വിടില്ലെന്ന് ഉറപ്പിച്ച് കേന്ദ്രസർക്കാർ പാചകവാതകവില വീണ്ടും കുത്തനെ കൂട്ടി. വാണിജ്യ സിലിണ്ടറിന് 268 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. പെട്രോൾ–-ഡീസൽ വില ഓരോദിവസവും കൂട്ടുന്നതിന് ഒപ്പമാണിത്. ഇതോടെ സംസ്ഥാനത്ത് ഒരു സിലിണ്ടറിന് 2000 രൂപ കടന്നു. ഇത് കോവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറുന്ന ഹോട്ടൽ, ബേക്കറി വ്യവസായത്തിന്റെ നട്ടെല്ലൊടിക്കും. ഭക്ഷ്യോൽപ്പന്നങ്ങൾക്കൊപ്പം ചെറുകിടവ്യവസായ ഉൽപ്പന്നങ്ങളുടെയും വില ഉയരാനും ഇടയാക്കും. കുറഞ്ഞവിലയിൽ ഭക്ഷണം നൽകുന്ന ജനകീയ ഹോട്ടലുകൾ അടച്ചുപൂട്ടേണ്ട സ്ഥിതിയിലാകും.
തിരുവനന്തപുരത്ത് 1743 രൂപയായിരുന്ന സിലിണ്ടറിന് തിങ്കളാഴ്ചത്തെ വില 2011 ആണ്. കോഴിക്കോട്ടിത് 2020.50ഉം. അഞ്ചുതവണയായി 530.50 രൂപയാണ് കൂട്ടിയത്. ജൂലൈയിൽ 80 രൂപയും ആഗസ്ത് ഒന്നിന് 72.50 രൂപയും സെപ്തംബർ ഒന്നിന് 74.50 രൂപയും കൂട്ടി. ഒരുമാസത്തിനിടെ രണ്ട് തവണ വില ഉയർത്തി. ഒക്ടോബർ ഒന്നിന് വാണിജ്യ സിലിണ്ടറിന് 35.50 രൂപയും ആറിന് ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന് 15 രൂപയും കൂട്ടി. ഗാർഹികാവശ്യത്തിനുള്ള പാചകവാതകവില ഇപ്പോൾ ആയിരത്തിനടുത്താണ്. നാലുമാസത്തിനുള്ളിൽ 90.50 രൂപയാണ് കൂട്ടിയത്. ഗാർഹിക സിലിണ്ടർവിലയും ഉടൻ കൂട്ടുമെന്നതിന്റെ സൂചനയാണിത്.
പെട്രോളിനും കൂട്ടി 48 പൈസ
ഗ്യാസിലെ ഇരുട്ടടിക്കൊപ്പം തിങ്കളും ചൊവ്വയും പെട്രോളിനും ഡീസലിനും മോദി സർക്കാർ വീണ്ടും വില കൂട്ടി. പെട്രോളിന് തിങ്കളും ചൊവ്വയും 48 പൈസയും ഡീസലിന് തിങ്കൾ 50 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾവില 112.55ഉം ഡീസൽ 105.85 രൂപയുമായി. ഒക്ടോബർ മാസത്തിൽ 25 ദിവസവും കേന്ദ്രസർക്കാർ ഇന്ധനവില ഉയർത്തി. ആറുമാസത്തിനുള്ളിൽ പെട്രോളിന് 20.27 രൂപയും ഡീസലിന് 19.10 രൂപയുമാണ് വർധിച്ചത്.