ഗുരുവായൂർ > നവോത്ഥാന ചരിത്രത്തിലെ തിളങ്ങുന്ന ഏടുകളിലൊന്നായ ഗുരുവായൂർ സത്യഗ്രഹം മുന്നോട്ടുവച്ചതുപോലെ, എല്ലാ വിഭാഗങ്ങളേയും സമഭാവനയോടെ വീക്ഷിക്കുകയെന്ന വികസന കാഴ്ചപ്പാടാണ് കേരള സർക്കാർ മുന്നോട്ടുവയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വയം നവീകരിച്ചും കൂടുതൽ ആളുകളെ ഉൾക്കൊണ്ടുമാണ് സർക്കാർ മുന്നോട്ടുപോവുന്നത്. പദ്ധതികൾ കൂടുതൽ ജനകീയവും സമഗ്രവുമാക്കാമെന്ന ചിന്തകൾക്ക് ഇത്തരം സമരവാർഷികങ്ങൾ കരുത്തേകും.
ഗുരുവായൂർ സത്യഗ്രഹത്തിന്റെ നവതി ആഘോഷങ്ങളും ക്ഷേത്ര പുനരുദ്ധാരണത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളും ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ക്ഷേത്രത്തിനടുത്തുള്ള വഴിയിലൂടെ സഞ്ചരിക്കാനുള്ള അവകാശം സ്ഥാപിച്ചെടുക്കാനായിരുന്നു വൈക്കം സത്യഗ്രഹം. അതിന്റെ തുടർച്ചയായി ക്ഷേത്രത്തിൽ കയറി ആരാധിക്കാനുള്ള അവകാശം സ്ഥാപിച്ചെടുക്കാനുള്ളതായിരുന്നു ഗുരുവായൂർ സത്യഗ്രഹം. ഈ സമരത്തിലെ ‘കണ്ടോത്തെ കുറുവടി’ പ്രയോഗം പ്രസിദ്ധമാണ്.
എ കെ ജിയെ തല്ലിയ ആ കുറുവടി ഇപ്പോഴും ചിലരുടെയെങ്കിലും കൈകളിലുണ്ട്. അതുപയോഗിച്ച് ചില വിഭാഗങ്ങളെ രാജ്യത്തുനിന്നും തുടച്ചുനീക്കാനൊരുമ്പെടുന്നുണ്ട്. അതിനെതിരായ ചെറുത്തുനിൽപ്പുകൾക്ക് കരുത്തേകുന്നതാവണം ഗുരുവായൂർ സത്യഗ്രഹത്തിന്റെ ഓർമ.
ഗാന്ധിജിയുടെ ശ്രദ്ധേയമായ ഇടപെടലുകൾ ഗുരുവായൂരിലും ഉണ്ടായി. ഗുരുവായൂരിൽ ഗാന്ധിജിയെ തള്ളിയിട്ട് അപായപ്പെടുത്താൻ ചില പ്രമാണിമാർ ഗൂഢാലോചന നടത്തി. ഗാന്ധിജി കൊല്ലപ്പെട്ടശേഷം അദ്ദേഹം പ്രതിനിധാനംചെയ്ത മൂല്യങ്ങളെക്കൂടി സമൂഹത്തിൽനിന്ന് പുറത്താക്കാനാണ് ചിലർ നോക്കുന്നത്. ഇത്തരം പ്രതിലോമകരമായ പ്രവണതകൾക്കെതിരെയുള്ള താക്കീതാണ് നവതി ദിനാചരണം.
മതത്തിൽ രാഷ്ട്രീയം ഇടപെടുന്നതിനെതിരായ മുറവിളിക്ക് അന്തമില്ല. ഇത്തരം ഇടപെടൽ കൂടുതൽ മെച്ചപ്പെട്ട സമൂഹത്തെ സൃഷ്ടിക്കുമെന്നതിന്റെ ദൃഷ്ടാന്തമാണ് ഗുരുവായൂർ. 2020–- -21 ലെ ബജറ്റിൽ 118 കോടി രൂപയും 2021-–-22 ലെ ആദ്യബജറ്റിൽ 150 കോടിയും ദേവസ്വം മേഖലയ്ക്ക് നീക്കിവച്ചു. സർക്കാർ മതകാര്യങ്ങളിൽ ഇടപെടരുതെന്ന് പറയുന്നവർ, ഈ തുക ഇല്ലായിരുന്നെങ്കിൽ ക്ഷേത്രങ്ങളുടെ നിത്യനിദാന ചെലവുകളും ശമ്പള വിതരണവും കോവിഡ് കാലത്ത് എങ്ങനെ നടന്നുവെന്ന് ചിന്തിക്കണം –- മുഖ്യമന്ത്രി പറഞ്ഞു.