കണ്ണൂർ > എല്ലാം സാധാരണപോലെയായി. ജാഗ്രത വിടാതെ കോവിഡിനൊപ്പം യാത്രചെയ്യാനും എല്ലാവരും ഒരുക്കമാണ്. എന്നാൽ, കയറാൻ ട്രെയിനെവിടെയെന്ന ചോദ്യത്തിനുമാത്രം അധികൃതർക്ക് ഉത്തരമില്ല. തിരുവനന്തപുരം ഡിവിഷനിൽ പാസഞ്ചർ ട്രെയിനുൾപ്പെടെ ഓടാൻ തുടങ്ങിയിട്ടും പാലക്കാട് ഡിവിഷനിൽ സീസൺ ടിക്കറ്റുകാർക്ക് കയറാൻ ട്രെയിനില്ല.
തിരുവനന്തപുരം ഡിവിഷനിൽ മെമുവും പാസഞ്ചർ ട്രെയിനുകളും സർവീസ് തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു. ഇതൊന്നും മലബാറിലെ എംപിമാർ അറിഞ്ഞ മട്ടില്ല. കെപിസിസി പ്രസിഡന്റായശേഷം കെ സുധാകരനെ മണ്ഡലത്തിൽ കാണാനില്ല. രാജ്മോഹൻ ഉണ്ണിത്താനും കെ മുരളീധരനും ട്രെയിൻ യാത്രക്കാരുടെ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാറില്ല. കോവിഡ് വ്യാപനം കാരണം നിർത്തിവച്ച ട്രെയിനുകളെല്ലാം സ്പെഷ്യൽ ട്രെയിനുകളാക്കി റിസർവേഷൻ ടിക്കറ്റുമായാണ് സർവീസ് നടത്തുന്നത്. പാസഞ്ചർ ട്രെയിൻ ഉൾപ്പെടെ സ്പെഷ്യൽ ട്രെയിനാക്കി ഇരട്ടിയിലധികം തുക ഈടാക്കി സർവീസ് നടത്തുന്നു.
കടുത്ത നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കിയെങ്കിലും ട്രെയിനുകളിൽ ഇപ്പോഴും ജനറൽ കോച്ച് അനുവദിച്ചിട്ടില്ല. നാമമാത്ര ട്രെയിനുകളിൽ മാത്രമാണ് ജനറൽ കോച്ചുള്ളത്. അതിനാൽ സീസൺ ടിക്കറ്റിൽ യാത്രചെയ്യുന്നവർക്കും പ്രയോജനം ലഭിക്കുന്നില്ല. ടിക്കറ്റ് ബുക്കുചെയ്യാനുൾപ്പെടെ യാത്രക്കാർ മണിക്കൂറുകളോളം ക്യൂവിൽ നിൽക്കണം. തിരക്കുള്ള സമയത്തുപോലും അധിക കൗണ്ടർ അനുവദിക്കാതെ യാത്രക്കാരെ വലയ്ക്കുകയാണ് റെയിൽവേ. പ്ലാറ്റ് ഫോം ടിക്കറ്റ് കോവിഡിന്റെ മറവിൽ പത്തിൽനിന്ന് അമ്പത് രൂപയാക്കി വർധിപ്പിച്ചു.
സ്റ്റേഷനുകളിൽ അടിസ്ഥാനസൗകര്യംപോലുമില്ല. പലയിടങ്ങളിലും ശുചിമുറി ഉൾപ്പെടെ പൂട്ടിയിട്ടിരിക്കുകയാണ്. യാത്രക്കാരെ ഇത്രയേറെ ദ്രോഹിക്കുന്ന റെയിൽവേയ്ക്കെതിരെ പരാതി ഉയർത്താൻപോലും എംപിമാരില്ലെന്നത് ഏറെ ദയനീയം.