തിരുവനന്തപുരം: കൊച്ചിയിൽ കോൺഗ്രസ് നടത്തിയ വഴിതടയൽ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ നടൻ ജോജു ജോർജിനെതിരേ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ജോജുവിനെ ക്രിമിനൽ എന്ന് വിശേഷിപ്പിച്ച സുധാകരൻ ഗുണ്ടയെപ്പോലെ സമരക്കാർക്കു നേരെ പാഞ്ഞടുത്ത ജോജുവിനെതിരേ പോലീസ് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
മുണ്ടും മാടിക്കെട്ടി സമരക്കാർക്കുനേരെ ഗുണ്ടയെപ്പോലെ പാഞ്ഞടുക്കുകയായിരുന്നു ജോജു ജോർജ്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ജോജു ജോർജിനെതിരേ പോലീസ് നടപടി സ്വീകരിക്കണം. ആ നടപടി ജനങ്ങളെയും സമൂഹത്തെയും ബോധ്യപ്പെടുത്താൻ സാധിക്കുന്ന നടപടി ആയിരിക്കണം അതെന്നും സുധാകരൻ ആവശ്യപ്പെട്ടു.
വാഹനം തകർക്കാനുള്ള അവസരം ഉണ്ടാക്കിയത് ജോജുവാണ്. സമരക്കാർക്കുനേരെ ചീറിപ്പാഞ്ഞതുകൊണ്ടാണ് വാഹനം തകർത്തത്. അവിടെയുണ്ടായിരുന്ന മറ്റൊരു വാഹനത്തിന്റെയും ചില്ല് പൊളിഞ്ഞിട്ടില്ലല്ലോ. അക്രമം കാട്ടിയ അക്രമിയുടെ കാറ് തകർത്തെങ്കിൽ അത് ജനരോഷത്തിന്റെ ഭാഗമാണ്. സ്വാഭാവികമായ ഒരു കാര്യമാണ് അത്. അതിൽ അത്ഭുതപ്പെടാനൊന്നുമില്ല, സുധാകരൻ പറഞ്ഞു.
ഇന്ധനവിലയുടെ കാര്യത്തിൽ ഇനിയെപ്പോഴാണ് സമരം ചെയ്യേണ്ടത്. നിങ്ങൾ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് ജനം ഞങ്ങളോട് ചോദിക്കുകയാണ്. ഒരു മണിക്കൂർ മാത്രമാണ് സമാധാനപരമായി സമരം ചെയ്തത്. അത് കുറ്റകരമാണെന്ന് ആർക്കെങ്കിലും പറയാനാകുമോ. ജോജു എന്ന ക്രിമിനലിനെതിരേ സർക്കാർ എന്ത് നടപടി സ്വീകരിക്കുന്നു എന്ന് നോക്കിയ ശേഷമായിരിക്കും അടുത്ത നടപടി സ്വീകരിക്കുകയെന്നും കെ. സുധാകരൻ പറഞ്ഞു.
Content Highlights:k sudhakaran against joju george on kochi congress protest