കൊച്ചി: കോൺഗ്രസ് സമരം കാരണം മണിക്കൂറുകളായി കൊച്ചിയിൽ തുടരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് ഡി.സി.പി. ഐശ്വര്യ ഡോങ്രെ. പ്രധാന സ്ഥലങ്ങളിൽ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. വാഹനങ്ങൾ തിരിച്ചുവിടുന്നതടക്കം ചെയ്യുന്നുണ്ട്. ഉടൻതന്നെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാകും. ഗതാഗതം തടസപ്പെടുത്തിയതിനും വാഹനം ആക്രമിച്ചതിനും കേസെടുക്കുമെന്നും ഡി.സി.പി. പറഞ്ഞു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് ഗതാഗതം തടസ്സപ്പെടുത്തിയവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഡി.സി.പി. കൂട്ടിച്ചേർത്തു.
അതിനിടെ, മദ്യപിച്ച് വാഹനം ഓടിച്ചെന്ന പരാതിയിൽ നടൻ ജോജു ജോർജിന്റെ വൈദ്യപരിശോധന നടത്തി. കൊച്ചി പനങ്ങാട് പോലീസ് ജോജുവിനെ തൃപ്പുണിത്തുറ ആശുപത്രിയിൽ എത്തിച്ചാണ് വൈദ്യപരിശോധന നടത്തിയത്. നടൻ ജോജു ജോർജ് മദ്യപിച്ച് വാഹനമോടിച്ചെന്നും മദ്യലഹരിയിൽ വനിതാ പ്രവർത്തകരെ അടക്കം അസഭ്യം പറഞ്ഞെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ പരാതി.
ഗതാഗതം തടസപ്പെടുത്തി കോൺഗ്രസ് നടത്തിയ സമരത്തിനെതിരേ ജോജു അടക്കമുള്ളവർ പ്രതിഷേധിച്ചതോടെയാണ് കൊച്ചിയിൽ നാടകീയരംഗങ്ങൾ അരങ്ങേറിയത്. ഇന്ധനവില വർധനവിനെതിരേ തിങ്കളാഴ്ച രാവിലെ വൈറ്റിലയിലായിരുന്നു വാഹനങ്ങൾ റോഡിൽ നിർത്തിയിട്ട് കോൺഗ്രസുകാർ സമരം നടത്തിയത്. ഇതോടെ വൈറ്റില മുതൽ വാഹനങ്ങളുടെ നീണ്ടനിരയായി. ആശുപത്രി, ഓഫീസ് ആവശ്യങ്ങൾക്കായി പോകുന്നവർ നടുറോഡിൽ കുടുങ്ങി. ഇതിനിടെയാണ് നടൻ ജോജു ജോർജ് അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഗതാഗതക്കുരുക്കിൽപ്പെട്ട ജോജു വാഹനത്തിൽനിന്നിറങ്ങി കോൺഗ്രസ് പ്രവർത്തകരോട് രോഷാകുലനായി പ്രതിഷേധിക്കുകയായിരുന്നു. ഇത് ഗുണ്ടായിസമാണ്. ഞാൻ മാത്രമല്ല, ഒരുപാട് പേരാണ് കുടുങ്ങികിടക്കുന്നത്. ഞാൻ പറഞ്ഞന്നേയുള്ളൂ. വയ്യാത്ത കുട്ടികളടക്കം ഈ വാഹനങ്ങളിലുണ്ട്. ഇത്രയും നേരം എസിയിട്ട് കാറിലിരിക്കാൻ പറ്റുമോ- ജോജു ചോദിച്ചു. നടനൊപ്പം മറ്റുചിലരും തങ്ങളുടെ പ്രതിഷേധം അറിയിച്ചു. ഇതിനുപിന്നാലെയാണ് ജോജുവും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കറ്റമുണ്ടായത്.
രണ്ട് മണിക്കൂറോളമായി ആളുകൾ കഷ്ടപ്പെടുകയാണെന്നും താൻ ഷോ കാണിക്കാൻ വന്നതല്ലെന്നും ജോജു ആവർത്തിച്ചുപറഞ്ഞു. തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും സമരം ചെയ്യുന്നവരോട് ചോദ്യങ്ങൾ ചോദിക്കണമെന്നും നടൻ മാധ്യമപ്രവർത്തകരോടും പ്രതികരിച്ചു. ഇതേസമയം, കാശുണ്ടായത് കൊണ്ടാണ് ജോജു ജോർജ് ഇത്തരത്തിൽ പ്രതികരിക്കുന്നതെന്ന് സമീപത്തുനിന്ന് ഒരാൾ വിളിച്ചുപറയുന്നുണ്ടായിരുന്നു. താൻ പണിയെടുത്താണ് കാശുണ്ടാക്കുന്നതെന്നായിരുന്നു ജോജു നൽകിയ മറുപടി. എന്നാൽ ഇതിനുപിന്നാലെ സംഭവസ്ഥലത്ത് കൈയാങ്കളിയും സംഘർഷാവസ്ഥയും ഉടലെടുക്കുകയായിരുന്നു.
ജോജുവിന്റെ ലാൻഡ് റോവർ കാറിന്റെ ചില്ല് ചിലർ അടിച്ചുതകർത്തു. നടന് നേരേ കൈയേറ്റശ്രമവുമുണ്ടായി. തുടർന്ന് പോലീസുകാർ ജോജുവിന്റെ വാഹനത്തിൽ കയറിയിരുന്നാണ് സുരക്ഷ ഉറപ്പാക്കിയത്. പോലീസ് സംരക്ഷണയിൽ ജോജുവിനെ സംഭവസ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തു. കള്ളുകുടിയാ എന്ന് വിളിച്ചാണ് കോൺഗ്രസ് പ്രവർത്തകർ ജോജുവിനെ യാത്രയാക്കിയത്.