തിരുവനന്തപുരം: ഒന്നരവർഷത്തിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ തുറക്കുമ്പോൾ പൊതുവിദ്യാഭ്യാസത്തിന് ചരിത്ര ദിനമെന്ന് മന്ത്രി വി.ശിവൻകുട്ടി. കുട്ടികൾ സ്കൂളുകളിലേക്ക് മടങ്ങിയെത്തുമ്പോൾ അവരുടെ ആരോഗ്യകാര്യങ്ങളിൽ ഒരു ആശങ്കയും വേണ്ട. വീട്ടിൽ മാതാപിതാക്കൾ എങ്ങനെയാണോ കുട്ടികളെ നോക്കുന്നത് അതുപോലെയായിരിക്കും അധ്യാപകരും സ്കൂളുകളിലെ ജീവനക്കാരും കുട്ടികളെ നോക്കുക. കുട്ടികളുടെ ശുചിത്വം, സുരക്ഷ എന്നിവയ്ക്ക് വേണ്ടുന്ന എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്.
കുട്ടികളുടെ ആരോഗ്യത്തിന് ഒരു ബുദ്ധിമുട്ടുകളുമുണ്ടാകില്ല. അവരുടെ ആരോഗ്യത്തിന് സംരക്ഷണം നൽകുന്ന പ്രോട്ടോക്കോൾ കൃത്യമായി നടപ്പിലാക്കും. ശുചിമുറിഉൾപ്പെടെ കുട്ടികൾ ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ സുരക്ഷയും ശുചിത്വവും പാലിക്കുന്നതിന് എല്ലാം തയ്യാറാണെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ യാത്രയ്ക്കും പ്രശ്നങ്ങളുണ്ടാകില്ലെന്നും സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുമ്പോൾ രക്ഷിതാക്കളുടെ ആശങ്ക സ്വാഭാവികമാണ്. സ്കൂളുകൾ തുറക്കുമ്പോൾ അത് മാറും. ഉത്കണ്ഠയുള്ളവർ അത് പരിഹരിക്കുന്നതുവരെ കുട്ടികളെ സ്കൂളുകളിൽ അയക്കേണ്ടതില്ല. അവർക്കായി ഓൺലൈൻ ക്ലാസുകൾ ഉണ്ടെന്നും ഹാജർനഷ്ടമാകില്ലെന്നും മന്ത്രി പറഞ്ഞു.
ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന മാർഗരേഖ അനുസരിച്ചാണ് സ്കൂളുകൾ പ്രവർത്തിക്കുക. ഇതിൽ എന്തെങ്കിലും മാറ്റം വേണമെങ്കിൽ പോരായ്മകൾ പരിഹരിക്കാൻ ഉന്നതതലയോഗം ആദ്യ ആഴ്ചയ്ക്ക് ശേഷം ചേരും. ധൈര്യമായി സ്കൂളുകളിലേക്ക് വരാമെന്നും ആവേശവുംആഹ്ലാദവുംആത്മവിശ്വാസവുംസമ്മാനിക്കുന്ന ദിനങ്ങളായിരിക്കും വിദ്യാർഥികളെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: minister sivankutty on school reopening