കോഴിക്കോട്
തളർന്ന ശരീരവുമായി ഒതുങ്ങിക്കഴിഞ്ഞവരല്ല ജിമിയും സുമിയും. വീൽചെയറിനേക്കാൾ വേഗത്തിൽ മുന്നേറിയ മനസ്സിന്റെ കരുത്തിൽ സർവകലാശാലാ റാങ്ക് നേടി സ്വകാര്യ കോളേജിൽ അധ്യാപകരായ മിടുക്കികളാണവർ. വയനാട് പുൽപ്പള്ളി സ്വദേശികളായ ഈ സഹോദരിമാർ റാങ്ക് ലിസ്റ്റിൽ മുന്നിലുണ്ടായിട്ടും സർക്കാർ അധ്യാപകരാവാനുള്ള സ്വപ്നം പൂവണിയുമോ എന്ന ആശങ്കയിലാണിപ്പോൾ.
അടുത്തിടെ പറുത്തിറക്കിയ ജൂനിയർ ഇൻസ്ട്രക്ടർ മൾട്ടി മീഡിയ ആനിമേഷൻ സ്പെഷ്യൽ എഫക്ട് തസ്തികയിലെ റാങ്ക് പട്ടികയിൽ മൂന്നാം റാങ്ക് സുമി ജോണിനും നാലാം റാങ്ക് ജിമി ജോണിനുമാണ്. ഭിന്നശേഷി വിഭാഗത്തിൽ ഒന്നും രണ്ടും റാങ്കുമുണ്ട്. നാലു തസ്തിക മാത്രമാണ് ഇതിൽ അനുവദിച്ചത്. പേഴ്സൺ വിത്ത് ഡിസെബിലിറ്റി ആക്ട് 96 പ്രകാരം അന്ധർ, ബധിരർ എന്നിവർക്കാണ് ആദ്യ പരിഗണന. അവരില്ലെങ്കിലും ലോക്കോ മോട്ടോർ വിഭാഗത്തിലുള്ള ഇവർക്ക് ആദ്യ ഘട്ടത്തിൽ നിയമന സാധ്യതയില്ല.
ആകെ രണ്ട് ഐടിഐകളിൽ മാത്രമേ ഈ കോഴ്സ് ഉള്ളൂ എന്നതാണ് പ്രധാന തടസ്സം. കൂടുതൽ ഐടിഐകളിൽ തസ്തിക അനുവദിച്ചാലേ ഇനി ഈ ലിസ്റ്റിൽ നിന്ന് നിയമനം നടക്കൂ. ‘‘കുഞ്ഞു നാളിലേ വീൽചെയറിലായ ഞങ്ങളുടെ പഠനവും ദൈനംദിന കാര്യവും അച്ഛനും അമ്മയും കഷ്ടപ്പെട്ടാണ് ചെയ്യുന്നത്. മരുന്നും ചികിത്സാ ചെലവ് വേറെയും. എല്ലാ കാലവും അവരുടെ തണലുണ്ടാവില്ലല്ലോ. പഠിച്ച കോഴ്സിൽ ഞങ്ങൾക്ക് സുരക്ഷിതമായി ചെയ്യാനാവുന്ന ജോലിയാണിത്. റാങ്ക് നേടിയിട്ടും ജോലി കിട്ടാതാവുമോ എന്നാണ് ആശങ്ക. പുതിയ തസ്തികകൾ അനുവദിച്ചാൽ ഞങ്ങളെപ്പോലെ വെല്ലുവിളി നേരിടുന്നവർക്ക് ആശ്വാസമാകും’’–- ജിമി പറയുന്നു.
കലിക്കറ്റ് സർവകലാശാലയിൽ നിന്ന് മൾട്ടിമീഡിയ ആൻഡ് കമ്യൂണിക്കേഷൻ ബിരുദത്തിൽ ജിമിയ്ക്കായിരുന്നു ഒന്നാം റാങ്ക്. വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം ആർട്സ് ആൻഡ് സയൻസ് കോളേജിൽ അധ്യാപകരാണ് ഇരുവരും.















