തൃശൂർ
അറിവും ആസ്വാദനവും സമ്മേളിക്കുന്ന ദൃശ്യവിരുന്നായി കേരള എൻജിഒ യൂണിയൻ ഏഴാമത് അഖില കേരള ഏകാങ്ക നാടക മത്സരം ‘അരങ്ങ് 2021’ന് തൃശൂർ റീജണൽ തിയറ്ററിൽ തുടക്കമായി. രണ്ടുദിവസം നീണ്ടുനിൽക്കുന്ന നാടകോത്സവം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സാമൂഹ്യമാറ്റത്തിൽ സാംസ്കാരിക പ്രവർത്തനത്തിന് വലിയ സ്വാധീനമുണ്ട്, കേരള നവോത്ഥാനത്തിന് കലാരംഗത്തെ ഇടപെടലും കാരണമാണ്. ഇരുണ്ട വർത്തമാനകാലത്ത് കലാ- സാംസ്കാരിക പ്രവർത്തകർ കൂടുതൽ ശക്തമായി രംഗത്തുവരണമെന്നും രാധാകൃഷ്ണൻ പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ ഡോ. സി രാവുണ്ണി അധ്യക്ഷനായി. സംവിധായകൻ പ്രിയനന്ദനൻ വിശിഷ്ടാതിഥിയായി. എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ പ്രേംകുമാർ, ജനറൽ സെക്രട്ടറി എം എ അജിത്കുമാർ, കലാകായിക സമിതി കൺവീനർ എം വി ശശിധരൻ എന്നിവർ സംസാരിച്ചു. സർക്കാർ ജീവനക്കാരുടെ പതിനഞ്ചു ജില്ലാകമ്മിറ്റികളെ പ്രതിനിധീകരിച്ച് അവതരിപ്പിക്കപ്പെടുന്ന നാടകങ്ങളിൽ ഏഴെണ്ണത്തിന്റെ അവതരണം പൂർത്തിയായി. എട്ട് നാടകങ്ങൾ തിങ്കളാഴ്ച അരങ്ങേറും. രാവിലെ പത്തുമുതൽ നാടകങ്ങൾ ആരംഭിക്കും.