ഗ്ലാസ്ഗോ
ഐക്യരാഷ്ട്ര സംഘടനയുടെ 26––ാം കാലാവസ്ഥാ ഉച്ചകോടിക്ക് സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമായി. ഞായറാഴ്ച ആരംഭിച്ച സമ്മേളനം നവംബര് 12നാണ് അവസാനിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുപ്പതിനായിരത്തിലേറെ പ്രതിനിധികൾ ഗ്ലാസ്ഗോയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് കര്ശന സുരക്ഷ ഒരുക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്പ്പെടെ 120 രാഷ്ട്രത്തലവന്മാര് തിങ്കള്, ചൊവ്വ ദിവസങ്ങളിലായി നടക്കുന്ന ലോകനേതാക്കളുടെ സമ്മേളനത്തില് പങ്കെടുക്കും. 2015ല് പാരീസില് നടന്ന സിഒപി 21ല് ഒപ്പുവച്ച കരാറിലെ ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കാൻ രാജ്യങ്ങൾ കൈക്കൊണ്ട നടപടികളുടെ പുരോഗതി വിലയിരുത്തുകയാണ് ഇത്തവണ മുഖ്യ അജൻഡ. ആഗോളതാപനില 1.5 ഡിഗ്രി സെൽഷ്യസിൽ പരിമിതപ്പെടുത്താനുള്ള ശ്രമങ്ങൾ ശക്തമാക്കാനുള്ള വഴികളും ചര്ച്ച ചെയ്യും.
വിവിധ രാഷ്ട്രത്തലവന്മാര്, ഭരണപ്രതിനിധികള്, കാലാവസ്ഥാവിദഗ്ധരും പ്രവര്ത്തകരും വ്യവസായമേഖലാ പ്രതിനിധികള്, വിവിധ സംഘടനകളുടെ പ്രതിനിധികള് എന്നിവരാണ് സിഒപിയിൽ പങ്കെടുക്കുന്നത്. കാലാവസ്ഥാ പ്രതിസന്ധിക്കെതിരെ നടപടി സ്വീകരിക്കാനുള്ള സമയം അതിക്രമിച്ചെന്ന റിപ്പോര്ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഉച്ചകോടി ചേരുന്നത്.