സ്വാതന്ത്ര്യസമരത്തിന്റെ ഒരു സുപ്രധാന ഘട്ടം വിവരിക്കുന്ന സിനിമയാണ് സര്‍ദാര്‍ ഉദ്ദം. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത സിനിമ ഉന്നയിക്കുന്ന രാഷ്ട്രീയമാണ് സാര്‍വദേശീയ മാനമുള്ള ആ സിനിമയെ ഓസ്കര് പാനലില്‍നിന്ന് മാറ്റിനിര്‍ത്തിയത്. അപരവിദ്വേഷം മാത്രം അജന്‍ഡയാക്കിയ ഹിന്ദുത്വശക്തികള്‍ക്ക് സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കുമില്ലെന്നു കൂടി കാണിച്ചു തരുന്നു ഈ സിനിമ
ഷൂജിത് സര്‍ക്കാര്‍ സംവിധാനംചെയ്ത സര്‍ദാര്‍ ഉദ്ദം ഓസ്കറിന്റെ ഔദ്യോഗിക പാനലില്‍ ഇടം കണ്ടെത്തിയില്ല. അതിന്റെ കാരണങ്ങളിലൊന്ന് അതിന്റെ രാഷ്ട്രീയമാകാം. ഇന്ന് രാജ്യത്തിന് ആ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കേണ്ട ആവശ്യകത ഉണ്ടെന്നത് മറച്ചുപിടിക്കാനാകില്ല.
ചരിത്രത്തെ അനുകൂലമാംവിധം എഴുതിവയ്ക്കാന്‍ നുണക്കഥകള്‍ സൃഷ്ടിച്ചുക്കുന്ന കാലത്ത് സര്‍ദാര്‍ ഉദ്ദം അതിന്റെ രാഷ്ട്രീയത്താല്‍ തിളക്കത്തോടെ മുന്നില്‍ നില്ക്കുന്നു. ഓസ്കറിലേക്കുള്ള വിദേശസിനിമ വിഭാഗത്തില്‍ പരിഗണിക്കപ്പെട്ടെങ്കിലും തെരഞ്ഞെടുക്കപ്പെടാതെ പോയതിന്റെ പ്രധാന കാരണവും ആ രാഷ്ട്രീയം തന്നെ. ഭഗത് സിങ്, ചന്ദ്രശേഖര്‍ ആസാദ്, ഖുദിറാം ബോസ് തുടങ്ങിയ സ്വാതന്ത്ര്യ സമരപോരാളികള്‍ക്കൊപ്പം തന്നെയാണ് ഉദ്ദം സിങ്ങിന്റെ സ്ഥാനവും. പോരാട്ടങ്ങള്‍ക്കൊടുവില്‍ രക്തസാക്ഷികളായവര്‍. ചരിത്രപുസ്തകത്തില്‍ അത്രയൊന്നും പറയാത്ത, അറിയാക്കഥകളിലൂടെയാണ് സിനിമ മുന്നേറുന്നത്.
വിക്കി കൗശലിന്റെ അഭിനയമികവിലാണ് ഈ സിനിമ അതിന്റെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നതെങ്കിലും അത് പകരുന്ന രാഷ്ട്രീയത്തെ മറച്ചുപിടിക്കാനാകില്ല. 1919ല്‍ ജാലിയന്‍വാലാബാഗില്‍ പാവപ്പെട്ട മനുഷ്യര്‍ കൂട്ടക്കൊലക്കിരയാകുമ്പോള്‍ ഉദ്ദം സിങ്ങിന് 19 വയസ്സ്. കൂട്ടക്കൊല ആസൂത്രണംചെയ്ത പഞ്ചാബ് ലഫ്. ഗവര്‍ണര്‍ മൈക്കല്‍ ഒ ഡ്വെയറിനെ ലണ്ടനില്‍ കൊലചെയ്യുന്നതും അതിന്റെ വിചാരണയുമൊക്കെ ചേരുന്നതാണ് സിനിമ. ഹൃദയം തകര്‍ക്കുന്ന കാഴ്ചകളുടെ, സ്പര്‍ശങ്ങളുടെ ഓര്‍മകളുമായാണ് അയാളുടെ യാത്രകള്‍. ഡ്വെയറിനെ തേടി വിവിധ വേഷങ്ങളില്‍, പേരുകളില്‍. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റവലൂഷണറി പാര്‍ടി അംഗമായ ഉദ്ദം പാര്‍ടിക്കായി വിഭവശേഖരണത്തിനായി ലോകം ചുറ്റുന്നതാണ് തുടക്കത്തില്‍ കാണാനാവുക. ഇംഗ്ലണ്ടിലെത്തിയ ഉദ്ദം ഡ്വെയറിനെ വധിക്കാനുള്ള പല അവസരങ്ങളും ഉപയോഗിക്കാതെ കൃത്യസമയത്തിനായി കാത്തിരിക്കുന്നു. പൊതുസ്ഥലത്തുവച്ചാണ് ലക്ഷ്യം കാണുന്നത്. ലോകത്തോട് ഡ്വെയറിനെ കൊല ചെയ്യാനുള്ള കാരണം വിളിച്ചു പറയാനുള്ള അവസരം. പിടിക്കപ്പെട്ട അദ്ദേഹം വിചാരണ ചെയ്യപ്പെടുന്നു. ക്രൂരപീഡകള്‍ക്ക് മുന്നിലും ഉറച്ച ശബ്ദത്തോടെ അയാള്‍ ജീവിതത്തെ വരച്ചിടുന്നു. സംസ്കാരശൂന്യരായവര്‍ക്ക് പോരടിച്ച് അവസാനിക്കാതിരിക്കാന്‍ ബ്രിട്ടീഷ് ഭരണം ആവശ്യമാണെന്ന വാദമുയര്‍ത്തുന്ന ഡ്വെയറിനെ വധിക്കുമ്പോള്‍ സാമ്രാജ്യത്വത്തിനെതിരായ ശബ്ദമാണ് ഉയരുന്നത്.
വിചാരണവേളയില്‍ പേരുചോദിക്കുമ്പോള്‍ അദ്ദേഹം മറുപടി നല്കുന്നു, രാം മുഹമ്മദ് സിങ് ആസാദ്. സാമ്രാജ്യത്വത്തിന്റെ വിഭജിച്ചു ഭരിക്കാനുള്ള, വിദ്വേഷത്തിന്റെ ചിന്തകള്‍ വിതയ്ക്കുന്ന വ്യവഹാരങ്ങള്‍ക്ക് എതിരായ കൃത്യമായ മറുപടി. കോടതിയില്‍ അദ്ദേഹത്തിന്റെ വാദങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് ഉറപ്പുവരുത്തുന്നുണ്ട്. ഉദ്ദം സിങ്ങുമായി ബന്ധപ്പെട്ട പല രേഖകളും ഇപ്പോഴും പുറത്തുവന്നിട്ടില്ല. കോടതിയില്‍ താന്‍ പറയുന്ന കാര്യങ്ങള്‍ പുറത്തറിയിക്കണമെന്നും താന്‍ കൊല ചെയ്യാനുള്ള കാരണമെന്താണെന്ന് ജനങ്ങളറിയണമെന്നും ഉച്ചത്തില്‍ പറയുന്നുണ്ട് ഉദ്ദം. ബ്രിട്ടീഷ് സാമ്രാജ്യത്വം നശിക്കട്ടെയെന്നും.
സ്കോട്ട്ലന്‍ഡ്യാഡ് ഉദ്യോഗസ്ഥന് സ്വെയ്നോട് അദ്ദേഹം ചോദിക്കുന്നുണ്ട്, നിങ്ങള്‍ ഇരുപത്തിമൂന്ന് വയസ്സില്‍ എന്തു ചെയ്യുകയായിരുന്നുവെന്ന്. പത്തൊമ്പത് വയസ്സില്‍ മൃതദേഹങ്ങള്‍ക്കിടയില്‍ മനുഷ്യജീവന് തിരഞ്ഞ ഓര്‍മകള്‍ ഉദ്ദമിനുണ്ട്. ഭഗത്സിങ്ങിന്റെ ധീരസ്മരണകളുണ്ട് നെഞ്ചില്‍. ആ ഓര്‍മകളില്‍ നിലകൊള്ളുന്നതാണ് സ്വാതന്ത്ര്യസമരം. ഇന്ത്യന്‍ ജീവിതം. വിദ്വേഷത്തിന്റെ വാദങ്ങളുയര്ത്തിയുള്ള പ്രചാരണങ്ങളിലൂടെ ഭയത്തിന്റെ വിത്തുകള്‍ മനസ്സുകളില്‍ വിതയ്ക്കുമ്പോള് ആ ധീരമായ ഓര്‍മകള്‍ തന്നെയാണ് ഈ രാജ്യത്തിന് ആവേശമാകേണ്ടത്. ഷൂജിത് സര്‍ക്കാരിന്റെ സര്‍ദാര്‍ ഉദ്ദമിലെ ക്ലൈമാക്സിനോട് ചേര്‍ന്നുള്ള ഭാഗത്ത് ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയും അതിനെ തുടര്‍ന്നുള്ള സംഭവങ്ങളും കാണിച്ചുതരുന്നുണ്ട്. വിദ്വേഷത്തിന്റെ പരസ്യങ്ങള്‍ പതിക്കാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ ധീരമായ ശ്രമമാണ് ഈ സിനിമ.