തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദീർഘകാലം അടച്ചിടേണ്ടി വന്ന വിദ്യാലയങ്ങൾ നാളെ മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കുകയാണ്. എല്ലാവരും ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 18 വയസ്സിനു മുകളിലുള്ളവരിൽ 95 ശതമാനത്തോളം പേർക്കും വാക്സിനേഷൻ നൽകിയതോടെ സാമൂഹിക നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ സംസ്ഥാനം പ്രാപ്തമായിട്ടുണ്ടെന്നും നാളെ മുതൽ സ്ഥിതി മാറുകയാണെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
അധ്യായനം ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചിരുന്നെങ്കിലും കൂട്ടുകാരുമായി ഒത്തുചേർന്ന് പഠിക്കുന്നതിനും കളിക്കുന്നതിനുമൊക്കെ കുട്ടികൾക്ക് സാധിക്കാതെ പോയത് വിഷമകരമായ കാര്യമായിരുന്നു. മാത്രമല്ല, വിദ്യാലയങ്ങളിൽ നേരിട്ട് നടക്കേണ്ട വിദ്യാഭ്യാസത്തിന്റെ അഭാവം സൃഷ്ടിച്ചിരുന്ന വെല്ലുവിളികളുമുണ്ടായിരുന്നു. നാളെ മുതൽ ആ സ്ഥിതി മാറുകയാണ്.
നിലവിൽ സംസ്ഥാനത്ത് കോവിഡ് പുതിയ കേസുകളുടേയും ചികിത്സയിൽ ഉള്ള രോഗികളുടേയും എണ്ണം വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മികച്ച ജാഗ്രത പുലർത്തിക്കൊണ്ട് വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടത്. ഒന്നു മുതൽ ഏഴു വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളും നവംബർ ഒന്നു മുതലും ബാക്കിയുള്ള ക്ലാസ്സുകൾ നവംബർ 15 മുതലും ആരംഭിക്കും.
സുരക്ഷിതമായ രീതിയിൽ വിദ്യാലയങ്ങളുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോവുക എന്നത് അതീവപ്രധാനമാണ്. അക്കാര്യത്തിൽ അധ്യാപകരുടേയും രക്ഷിതാക്കളുടേയും പിന്തുണ ഒരുപോലെ അനിവാര്യമാണ്. അതിനായി ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി മറ്റു വകുപ്പുകളുടെ സഹകരണത്തോടെ തയ്യാറാക്കിയ മാർഗരേഖ കർശനമായി പാലിക്കേണ്ടതുണ്ട്. പ്രധാന നിർദ്ദേശങ്ങൾ വിദ്യാലയങ്ങളിലേയ്ക്കും അവിടെ നിന്നും രക്ഷിതാക്കളിലേയ്ക്കും കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കുറിപ്പിൽ വ്യക്തമാക്കി.
തദ്ദേശ സ്ഥാപനങ്ങൾ ജാഗ്രത പുലർത്താൻ നിർദ്ദേശം
സ്കൂളുകൾ തുറക്കുമ്പോൾ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജാഗ്രതയോടെ ഇടപെടലുകൾ നടത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ നിർദ്ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങൾ നേരത്തെ തന്നെ സ്കൂൾതലത്തിൽ ആസൂത്രണം നടത്തി മുന്നൊരുക്കങ്ങൾ കൈക്കൊണ്ടിരുന്നു. കുട്ടികൾക്ക് സുരക്ഷയൊരുക്കാനെടുത്ത തീരുമാനങ്ങളെല്ലാം വിട്ടുവീഴ്ചയില്ലാതെ സമയബന്ധിതമായി നടപ്പിലാക്കാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തയ്യാറാവണമെന്ന് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
ഇത്തരം മഹാമാരിയെ പ്രതിരോധിച്ചുകൊണ്ട് അധ്യയനം നടത്തിയ മുൻപരിചയം നമുക്കില്ല. ആ സാഹചര്യം മനസിലാക്കിയാവണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കുട്ടികൾക്കായുള്ള സുരക്ഷാ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകേണ്ടത് എന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. വാക്സിൻ എടുക്കാതെ മാറി നിൽക്കുന്നവരുണ്ടെങ്കിൽ ബോധവൽക്കരണം നടത്തി വാക്സിനേഷൻ വിധേയരാക്കണമെന്ന് മന്ത്രി പറഞ്ഞു. രോഗ ലക്ഷണമുള്ളവരെ തിരിച്ചറിഞ്ഞാൽ അവർക്ക് അനുയോജ്യമായ ഇതര അക്കാദമിക പദ്ധതികൾ നടപ്പിലാക്കാനുള്ള സൗകര്യവും ഒരുക്കുവാനും സർക്കാരിന്റെ മാർഗനിർദേശങ്ങൾ സ്കൂളുകൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാവണമെന്ന് മന്ത്രി വ്യക്തമാക്കി.