ഉമ്മൻ ചാണ്ടിയുടെ പഴ്സനൽ സ്റ്റാഫ് അംഗമായി പത്ത് വർഷം പ്രവർത്തിച്ചിട്ടും അർഹതപ്പെട്ട പെൻഷൻ നിഷേധിക്കുകയാണ്. ഓരോ സെക്ഷനിൽ ഇരിക്കുന്നവർ പല കാരണങ്ങൾ പറഞ്ഞാണ് തൻ്റെ പെൻഷൻ ഫയൽ മടക്കുന്നത്. പെൻഷൻ ലഭിച്ചില്ലെങ്കിൽ ആത്മഹത്യ മാത്രമാണ് തനിക്കും ഭാര്യയ്ക്കും 14 വയസുള്ള മകളും അടങ്ങുന്ന കുടുംബത്തിന് മുന്നിലുള്ള ഏകവഴിയെന്നും ടെനി ജോപ്പൻ പറഞ്ഞു.
ഉമ്മൻ ചാണ്ടി സർക്കാരിനെ പ്രതിരോധത്തിലാക്കിയ സോളാർ ഇടപാടിൽ പ്രതി സരിത എസ് നായരുടെ ഫോൺ രേഖകളിൽ ജോപ്പൻ്റെ നമ്പരും ഉൾപ്പെട്ടതിനെ തുടർന്നാണ് ഉമ്മൻ ചാണ്ടിയുടെ പഴ്സനൽ സ്റ്റാഫിൽ നിന്നും ടെനി ജോപ്പനെ ഒഴിവാക്കിയത്. ഇതിന് പിന്നാലെ കോന്നിയിലെ വ്യവസായി മല്ലേലി ശ്രീധരൻ നായരുടെ പരാതിയിൽ ജോപ്പനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഉമ്മൻ ചാണ്ടിയുടെ പഴ്സനൽ സ്റ്റാഫിൽ നിന്നും പുറത്താക്കപ്പെട്ടതിന് ശേഷം കൊട്ടാരക്കര പുത്തൂരിൽ ബേക്കറി നടത്തുകയായിരുന്നു ടെനി ജോപ്പൻ. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ഇതും നഷടത്തിലായിരുന്നു. പെൻഷൻ ലഭിച്ചില്ലെങ്കിൽ ആത്മഹത്യ മാത്രമാണ് ഏക വഴി എന്നും ജോപ്പൻ ഫേസ്ബുക്കിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഉമ്മൻ ചാണ്ടി സർക്കാരിനെ വിവാദത്തിൽ നിർത്തിയ സോളാർ കേസിൽ താൻ ബലിയാടക്കപ്പെടുകയായിരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് ജോപ്പൻ വെളിപ്പെടുത്തിയിരുന്നു. സോളാർ വിവാദത്തിന് ശേഷം ഉമ്മൻ ചാണ്ടിയുമായി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.