തിരുവനന്തപുരം > കോവിഡ് ദുരിതങ്ങൾക്കിടയിലും രാജ്യത്ത് ഇന്ധനവില വർധന അവധിയില്ലാതെ തുടരുന്നു. സംസ്ഥാനത്ത് ഇന്ന് പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 111.55 രൂപയും ഡീസലിന് 105.25 രൂപയും കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 109.30 രൂപയും ഡീസൽ 103.17 രൂപയും കോഴിക്കോട് പെട്രോളിന് 109.44 രൂപയും ഡീസൽ 103.31 രൂപയുമായി. കഴിഞ്ഞ ഒരുമാസത്തിനിടെ പെട്രോൾ വിലയിൽ 7.92 രൂപയും ഡീസലിന് 8.95 രൂപയുമാണ് കൂടിയത്.
ചില സംസ്ഥാനങ്ങളിൽ പെട്രോളിന് 121 രൂപ കടന്നു. രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ ഒരു ലിറ്റർ പെട്രോളിന് 121.25 രൂപയും ഡീസൽ ലിറ്ററിന് 112.15 രൂപയുമാണ്. മധ്യപ്രദേശിലെ അന്നുപ്പുരിൽ പെട്രോളിന് 121.13 രൂപയും ഡീസലിന് 110.29 രൂപയുമാണ്. മധ്യപ്രദേശിലെ ബാലാഘട്ടിൽ പെട്രോളിന് 120.06 രൂപയുണ്ട്. ഡീസലിന് 109.32 രൂപ. പെട്രോളിനും ഡീസലിനും മോദി സർക്കാർ ചുമത്തുന്ന അന്യായ എക്സൈസ് തീരുവയാണ് അമിത വിലയ്ക്ക് കാരണം. പെട്രോളിന് ലിറ്ററിന് 32.9 രൂപയും ഡീസലിന് 31.8 രൂപയുമാണ് കേന്ദ്ര നികുതി. മോദി സർക്കാർ പെട്രോളിന് മൂന്നര ഇരട്ടിയും ഡീസലിന് ഒമ്പത് ഇരട്ടിയുമാണ് തീരുവ കൂട്ടിയത്. പെട്രോൾ-ഡീസൽ വിലയിൽ മറ്റ് അയൽരാജ്യങ്ങളെയും ഇന്ത്യ ബഹുദൂരം പിന്നിലാക്കിയിട്ടുണ്ട്.
പാകിസ്ഥാനിൽ ഡീസലിന് ലിറ്ററിന് 57.83 രൂപയേയുള്ളൂ. പെട്രോളിനും ഡീസലിനും യഥാക്രമം അഫ്ഗാനിൽ 54, 46.43, ശ്രീലങ്കയിൽ 68.33, 41.25, ബംഗ്ലാദേശിൽ 78, 56.93 നേപ്പാളിൽ 81.23, 70.65, മ്യാൻമറിൽ 65.7, 57.83 രൂപയും മാത്രമേ ഉള്ളൂ. 53 രാജ്യങ്ങളിൽ ഇന്ത്യയിലേക്കാൾ ഉയർന്ന പെട്രോൾ വിലയുണ്ടെങ്കിലും ഭൂരിഭാഗവും സമ്പന്ന രാജ്യങ്ങളാണ്. ഈ രാജ്യങ്ങളിൽ ആളോഹരി വരുമാനത്തിൽ ഇന്ത്യയേക്കാൾ പിന്നിലുള്ളത് സിംബാബ്വെയും സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കും മാത്രമാണ്.
ഹോങ്കോങ്ങിലാണ് ഏറ്റവും ഉയർന്ന പെട്രോൾ വില-198.6 രൂപ. നെതർലൻഡ്സിൽ 171.15 രൂപയും നോർവേയിൽ 169.5 രൂപയും ഡെൻമാർക്കിൽ 161.1 രൂപയുമാണ്. ഹോങ്കോങ്ങിന്റെ ആളോഹരി വരുമാനം 46,733 ഡോളറും നെതർലൻഡ്സിന്റേത് 48,796 ഡോളറും നോർവേയുടേത് 75,428 ഡോളറും ഡെൻമാർക്കിന്റേത് 57,545 ഡോളറുമാണ്. ഇന്ത്യയുടെ ആളോഹരി വരുമാനമാകട്ടെ 1980 ഡോളർമാത്രവും.