തിരുവനന്തപുരം> സിൽവർലൈനിൽ ട്രെയിനുകൾക്ക് കുതിക്കാൻ ഹരിതോർജം കെഎസ്ഇബി നൽകും. ട്രെയിൻ ചലിപ്പിക്കാൻ യൂറോപ്യൻ ട്രെയിൻ കൺട്രോൾ സിസ്റ്റവും എൽടിഇ സംവിധാനവും ഉപയോഗിക്കും. കെ––റെയിൽ സ്റ്റേഷനുകളിലും ട്രാക്കിൽ സൗകര്യമുള്ളിടത്തും സൗരോർജ പാനലുകളും കാറ്റാടി യന്ത്രങ്ങളുമുണ്ടാകും.
മൂന്ന് മാസത്തിനുള്ളിൽ വൈദ്യുതി ആവശ്യത്തിനുള്ള വിശദപദ്ധതിരേഖ തയ്യാറാക്കാൻ കെഎസ്ഇബി–- കെ റെയിൽ ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. ലൈനിൽ 40 കിലോമീറ്ററിൽ ഫീഡറുകൾ ക്രമീകരിച്ച് ട്രെയിനിന് വൈദ്യുതി നൽകും. 220, 110 കെവി കേബിൾ സർക്യൂട്ട് വഴിയാണ് കെ-–-റെയിലിന്റെ ട്രാക്ഷൻ സബ്സ്റ്റേഷന് കെഎസ്ഇബിയുടെ ഗ്രിഡ് സബ്സ്റ്റേഷൻ വഴി വൈദ്യുതി നൽകുക. 2025നകം ട്രാക്ഷൻ സബ്സ്റ്റേഷനുകൾ നിർമിച്ച് ആവശ്യമായ വൈദ്യുതി സംവിധാനം ഒരുക്കും.
കെ––റെയിലിന് മാത്രമായി ഹരിത വൈദ്യുതി ഉൽപ്പാദന സാധ്യതകൾ പരിശോധിക്കും. ഇന്ത്യയിൽ ഏറ്റവും ചെലവ് കുറഞ്ഞ ഹരിത വൈദ്യുതി കഴിയുന്നതും ലഭ്യമാക്കും. ഇതിന് ആവശ്യമെങ്കിൽ സ്പെഷ്യൽ പർപസ് വെഹിക്കിൾ രൂപീകരിക്കാനും ആലോചിക്കുന്നു.
സബ് സ്റ്റേഷനുകൾ
പള്ളിപ്പുറം (തിരുവനന്തപുരം), കുണ്ടറ (കൊല്ലം), കോട്ടയം (കോട്ടയം), അങ്കമാലി (എറണാകുളം), കുന്നംകുളം (തൃശൂർ), എലത്തൂർ(കോഴിക്കോട്), ചൊവ്വ(കണ്ണൂർ), കാഞ്ഞങ്ങാട് (കാസർകോട് )
2 പീക്കിങ് പവർ സ്റ്റേഷൻ
ഇടുക്കിയിലും മൂഴിയാറിലും പീക്കിങ് പവർ സ്റ്റേഷൻ വികസിപ്പിക്കുന്നതും കെഎസ്ഇബി പരിഗണിക്കുന്നു. ഗതാഗതരംഗത്ത് വൈദ്യുതി ഉപഭോഗത്തിന്റെ 30 ശതമാനം പുതുതായി ഉണ്ടാകുന്നത് പരിഗണിച്ചാണിത്.
ലൈൻ 15.56 മീറ്റർ ഉയരത്തിൽ
കെ––റെയിലിന്റെ നിർദിഷ്ടപാതയിൽ നിലവിലുള്ള 72 ഇഎച്ച്ടി പവർലൈനുകളും രണ്ടായിരത്തോളം എച്ച്ടി, എൽടി പവർലൈനുകളും മാറ്റി സ്ഥാപിക്കണം. പാതയുടെ 15.56 മീറ്റർ ഉയരത്തിലായിരിക്കും 110 കെവി ലൈൻ ക്രമീകരിക്കുക. 220 കെവി ലൈനുകൾ 16.4 മീറ്റർ ഉയരത്തിലാകും. 400 കെവി ലൈൻ 18 മീറ്ററിന് മുകളിലും.
വേണം 300 മില്യൺ യൂണിറ്റ്
2025ൽ പദ്ധതി പ്രവർത്തിച്ച് തുടങ്ങുമ്പോൾ 300 മില്ല്യൺ യൂണിറ്റ് ഊർജം കെ-–-റെയിലിനുമാത്രം വേണ്ടിവരും. ഇത് 25 വർഷംകൊണ്ട് 500 മില്ല്യൺ യൂണിറ്റായി ഉയരുമെന്നാണ് കണക്കുകൂട്ടൽ.
നോഡൽ ഓഫീസർമാർ
കെ––റെയിൽ പദ്ധതിക്ക് വൈദ്യുതി ക്രമീകരണം ഒരുക്കാൻ നോഡൽ ഓഫീസർമാരായി വിതരണ വിഭാഗം ചീഫ് എൻജിനിയർ സണ്ണി ജോണിനെയും റീസ് ചീഫ് എൻജിനിയർ ജി സുധീറിനെയും കെഎസ്ഇബി നിയമിച്ചു.