തേക്കടി: മുല്ലപ്പെരിയാർ അണക്കെട്ട് സ്പിൽവേയുടെ മൂന്ന് ഷട്ടറുകൾ കൂടി ശനിയാഴ്ച വൈകിട്ട് തന്നെ ഉയർത്തിയത് കേരളത്തിന്റെ ആവശ്യപ്രകാരമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജലനിരപ്പ് 138 അടി കവിഞ്ഞ സാഹചര്യത്തിൽ അണക്കെട്ടിൽ നിന്ന് പുറത്തുവിടുമെന്ന് പ്രതീക്ഷിച്ചിരുന്ന നിലയിലേക്ക് ജലത്തിന്റെ അളവ് എത്തുന്നതേ ഉള്ളൂവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
ഡാമിലെ ജലനിരപ്പ് റൂൾ കർവ് കവിഞ്ഞതിനെ തുടർന്ന് വ്യാഴാഴ്ചയാണ് രണ്ട് ഷട്ടറുകൾ ഉയർത്തി 534 ഘനയടി വെള്ളം പുറത്തുവിട്ടുതുടങ്ങിയത്. വെള്ളിയാഴ്ച രാത്രി ഒരു ഷട്ടർ കൂടി ഉയർത്തി പുറന്തള്ളുന്ന വെള്ളത്തിന്റെ അളവ് 834 ഘനയടിയും ഇന്ന് രാവിലെ അളവ് വീണ്ടുമുയർത്തി 11ന് 1651 ഘനയടിയും ആക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് വൈകിട്ട് മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി 1299 ഘനയടി ജലം കൂടി അധികമായി പുറത്തേക്കൊഴുക്കുന്നത്. ഇതോടെ ആറു ഷട്ടറുകളിലും കൂടി 2974 ഘനയടി വെള്ളം പുറത്തേക്ക് ഒഴുകും.അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റമുണ്ടാകാത്ത സാഹചര്യത്തിലാണ് കൂടുതൽ ഷട്ടറുകൾ തുറന്നത്.
ഷട്ടറുകൾ രാത്രി തുറക്കാനാണ് തമിഴ്നാട് തീരുമാനിച്ചിരുന്നതെന്നും എന്നാൽ നേരത്തേ തുറന്നു വിടണമെന്ന് കേരളം ആവശ്യപ്പെടുകയായിരുന്നെന്നും മന്ത്രി റോഷി അഗസ്റ്റിൻ തേക്കടിയിൽ പറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വ്യാഴാഴ്ച തന്നെ 3000 ഘനയടി ജലം തുറന്നു വിടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതിനാവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ ആ നിലയിലേക്ക് ജലം എത്തുന്നതേയുള്ളൂ. ഇന്ന് രാത്രി കൂടുതൽ ജലം തുറന്നുവിടുന്ന സാഹചര്യം ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൂടുതൽ ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ തേക്കടിയിലെ ഗസ്റ്റ് ഹൗസിൽ ജലവിഭവമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. യോഗത്തിനു ശേഷം മന്ത്രി മുല്ലപ്പെരിയാറിനു കീഴിലെ ജനവാസ കേന്ദ്രങ്ങൾ സന്ദർശിക്കും.
Content Highlights:Mullaperiyar shutters were earlier raised at the request of Kerala – Minister