ദുബായ് > പാകിസ്ഥാനെതിരെയുള്ള തോൽവിയെത്തുടർന്ന് വംശീയ വിദ്വേഷത്തിന് ഇരയായ ഇന്ത്യൻ ക്രിക്കറ്റർ മുഹമ്മദ് ഷമിയെ പിന്തുണച്ച് ക്യാപ്റ്റൻ വിരാട് കോഹ്ലി. ഷമിക്കെതിരായ വിദ്വേഷ പ്രചാരണം ദൗർഭാഗ്യകരമാണെന്ന് കോഹ്ലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നട്ടെല്ലില്ലാത്തവരാണ് ഷമിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നത്. സമൂഹമാധ്യമങ്ങളിൽ പരിഹസിക്കുന്നതല്ലാതെ ഇക്കൂട്ടർക്ക് വേറെ ഒന്നും ചെയ്യാൻ കഴിയില്ല. മതത്തിന്റെ പേരിൽ വിവാദമുണ്ടാക്കുന്നവരോട് സഹതാപം തോന്നുന്നു. ഇതൊന്നും ഷമിയെയും ഞങ്ങളുടെ ടീമിനെയും ബാധിക്കുന്ന കാര്യമല്ല. കളിയിൽ മാത്രമാണ് ഞങ്ങളുടെ ശ്രദ്ധ. ഷമി എന്ന ക്രിക്കറ്ററുടെ പ്രതിബദ്ധതയെ ചോദ്യംചെയ്യാനാകില്ലെന്നും കോഹ്ലി പറഞ്ഞു.
പാകിസ്ഥാനെതിരായ തോൽവിക്കു പിന്നാലെ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കെതിരെ വ്യാപകമായി വിദ്വേഷ പ്രചാരണം നടന്നിരുന്നു. ഷമിയുടെ സാമൂഹമാധ്യമങ്ങളിലെ പോസ്റ്റിന് അധിക്ഷേപ കമന്റുകളിട്ടു. ട്രോളുകളും പ്രചരിച്ചു. മുൻ താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, ഇർഫാൻ പഠാൻ, ആകാശ് ചോപ്ര എന്നിവർ ഷമിക്കെതിരായ വംശീയാധിക്ഷേപത്തിനെതിരെ രംഗത്തുവന്നു. എന്നാൽ ബിസിസിഐയോ ഇന്ത്യൻ ടീമംഗങ്ങളോ അധികം വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല.