തിരുവനന്തപുരം: അനുപമയ്ക്ക് കുട്ടിയെ നഷ്ടപ്പെട്ട സംഭവത്തിൽ മാധ്യമങ്ങളെ വിമർശിച്ച് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. അമ്മയ്ക്ക് നഷ്ടപ്പെട്ട കുട്ടിയെ തിരികെ കിട്ടണമെന്നത് ന്യായമാണ്. പക്ഷേ അവരുടെ വീട്ടുകാർ സി.പി.എം പ്രവർത്തകരാണെന്ന ഒറ്റകാരണം കൊണ്ട് മാധ്യമങ്ങൾ പല കാര്യങ്ങളും സൗകര്യപൂർവം മറക്കുകയും മറവി നടിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.
ആദ്യ ഭാര്യയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തുക പോലും ചെയ്യാതെയാണ് അജിത് അനുപമയുമായി ബന്ധം സ്ഥാപിച്ചതെന്നും ഒടുവിൽ ഒരു കുട്ടിയായപ്പോൾ ആദ്യ വിവാഹം സമ്മർദ്ദത്തിലൂടെ വേർപ്പെടുത്തുകയും നിയമപരമായി നൽകേണ്ട ജീവനാംശം നൽകാതിരിക്കുകയും ചെയ്യുന്നത് പൊതുസമൂഹം അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. ആരോരുമില്ലാത്ത ആദ്യഭാര്യയെ ഉപേക്ഷിക്കുമ്പോൾ അവരുടെ ഭാവി ജീവിതം എങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോയെന്നും അന്തമായ സി.പി.എം വിരുദ്ധത ആഘോഷിക്കുന്നവർ ഇക്കാര്യങ്ങൾ കൂടി ആലോചിക്കണമെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
ആനാവൂർ നാഗപ്പന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പേരൂർക്കടയിലെ അനുപമയുടെ കുഞ്ഞുമായി ബന്ധപ്പെട്ട വിഷയം മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ തന്നെ വിശദീകരിക്കുന്നുണ്ട്. അമ്മയ്ക്ക് കുഞ്ഞിനെ ലഭിക്കണമെന്നത് ഏറ്റവും ന്യായമാണ്. അത് കഴിഞ്ഞാൽ അനുപമയുടെ പിതാവും കുടുംബവും സിപിഐ(എം) പ്രവർത്തകരാണ് എന്ന ഒറ്റക്കാരണത്താൽ ഈ വിഷയത്തിൽ മാധ്യമങ്ങൾ തുടരുന്ന സിപിഐ(എം) വിരുദ്ധ വാർത്തകളിലൂടെ സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണെന്ന് ചിന്തിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.
കുടുംബമായി താമസിക്കുന്ന ഒരു സ്ത്രീയെ പ്രേമിക്കുക, ആ ബന്ധത്തിൽ നിന്നും വേർപെടുത്തി കല്യാണം കഴിക്കുക. ആ ബന്ധം നിലനിൽക്കുമ്പോൾ തന്നെ വേറൊരു പെൺകുട്ടിയെ പ്രേമിക്കുക, ആ പെൺകുട്ടിയെ ഗർഭിണിയാക്കുക. ഇത് സമൂഹത്തിന് അംഗീകരിക്കാൻ ആകുമോ ? അംഗീകരിക്കാനാവില്ല എന്നാണ് എന്റെ ഖണ്ഡിതമായ അഭിപ്രായം. ആദ്യവിവാഹം സമ്മർദ്ദത്തിലൂടെയും ഭീഷണിപ്പെടുത്തിയും വേർപെടുത്തി അവരെ അനാഥയാക്കി. ഭർത്താവ് വിവാഹബന്ധം വേർപെടുത്തിയാൽ ഭാര്യയ്ക്ക് ഭാവി ജീവിതത്തിന് ജീവനാംശം നൽകുക എന്ന സാമാന്യനീതി ഇക്കാര്യത്തിൽ നടപ്പിലാക്കിയതായി കാണുന്നില്ല. ആരോരുമില്ലാത്ത അനാഥയായ ആ പെൺകുട്ടിയുടെ ഭാവി ജീവിതം എങ്ങനെയാകും ? സിപിഐ(എം)ന് എതിരെ കിട്ടിയ വടിയെടുത്ത് തലങ്ങും വിലങ്ങും അടിക്കുന്ന ആവേശത്തിനിടയിൽ മാധ്യമങ്ങൾ ഇക്കാര്യങ്ങളൊക്കെ മറന്നു പോവുകയോ, മറവി നടിക്കുകയോ ചെയ്യുകയാണ്. ഇക്കാര്യത്തിൽ നിങ്ങൾ നൽകുന്ന സന്ദേശം നിങ്ങളുടെ കുടുംബാംഗങ്ങൾ അടക്കമുള്ള സമൂഹത്തിന് നല്ലതാണോ ? മോശമാണോ? എന്തായാലും നല്ലതല്ല എന്നാണ് എന്റെ പക്ഷം. മാർക്സിസ്റ്റ് വിരുദ്ധ തിമിരത്തിന്റെ ആഘോഷത്തിനിടയിൽ ഇതും കൂടി ആലോചിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായാൽ അത്രയും നന്ന്.
Content Highlights: Anavoor nagappan facebook post