തിരുവനന്തപുരം > സംസ്ഥാനത്തെ മുപ്പത് ബ്ലോക്ക് പഞ്ചായത്തുകളെ ആസ്പിരേഷണല് ജില്ലകളുടെ മാതൃകയില് പരിഗണിച്ച് വികസന പ്രവര്ത്തനങ്ങളില് മുന്നേറ്റമുണ്ടാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന് അറിയിച്ചു. വിവിധ തലങ്ങളിലുള്ള സാമൂഹിക നേട്ടങ്ങള് കൈവരിക്കാന് പ്രാപ്തമാക്കുന്ന വിധത്തില് ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ വികസന പ്രവര്ത്തനങ്ങള് സജീവമാക്കാനുള്ള മാര്ഗനിര്ദേശങ്ങള് ആസ്പിരേഷണല് ബ്ലോക്ക് പഞ്ചായത്തുകളില് നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.
കാസര്ഗോഡ് – പരപ്പ, കാറഡുക്ക, കണ്ണൂര് – ഇരിട്ടി, വയനാട് – കല്പ്പറ്റ, പനമരം, സുല്ത്താന്ബത്തേരി, മാനന്തവാടി, കോഴിക്കോട് – പേരാമ്പ്ര, മലപ്പുറം – നിലമ്പൂര്, അരീക്കോട്, കാളികാവ്, വണ്ടൂര്, പാലക്കാട് – തൃത്താല, കൊല്ലങ്കോട്, നെന്മാറ, അട്ടപ്പാടി, ചിറ്റൂര്, ഇടുക്കി – ദേവീകുളം, ഇടുക്കി, അഴുത, അടിമാലി, നെടുങ്കണ്ടം, കോട്ടയം – വൈക്കം, ആലപ്പുഴ – തൈക്കാട്ടുശ്ശേരി, ചമ്പക്കുളം, വെളിയനാട്, പത്തനംതിട്ട – കോന്നി, കൊല്ലം – അഞ്ചല്, തിരുവനന്തപുരം – കിളിമാനൂര്, വാമനപുരം എന്നീ ബ്ലോക്ക് പഞ്ചായത്തുകളെയാണ് ആസ്പിരേഷണല് ബ്ലോക്കുകളായി പരിഗണിച്ച് ഇടപെടുകയെന്ന് മന്ത്രി വ്യക്തമാക്കി.
സാമൂഹിക സാമ്പത്തിക സര്വ്വെ പ്രകാരം നിരാലംബരായ കുടുംബങ്ങളെയും ഭൂരഹിതരേയും കൂലിവേല ചെയ്യുന്ന തൊഴിലാളികളുടെ സാന്ദ്രത, ബിപിഎല് വിഭാഗത്തില്പ്പെടുന്ന റേഷന്കാര്ഡുള്ളവര്, വിദ്യാലയങ്ങളില് നിന്നും കൊഴിഞ്ഞുപോവുന്ന വിദ്യാര്ത്ഥികളുടെ എണ്ണം തുടങ്ങിയ മാനദണ്ഡങ്ങളും പരിഗണിച്ചാണ് ആസ്പിരേഷന് ബ്ലോക്കുകളെ കണ്ടെത്തിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. നീതി ആയോഗ് ഗവേണിംഗ് കൗണ്സിലിന്റെ നിര്ദേശ പ്രകാരം നേരത്തെ ആസ്പിരേഷണല് ജില്ലകളെ കണ്ടെത്തി വികസന പ്രവര്ത്തനങ്ങള്ക്ക് തുടക്കമിട്ടിരുന്നു. അതേ രീതിയിലാണ് ആസ്പിരേഷണല് ബ്ലോക്കുകളുടെ പ്രവര്ത്തനങ്ങളും നടത്തുന്നതെന്ന് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര് കൂട്ടിചേര്ത്തു.