കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് കീഴിലാണ് ഏറ്റവുമധികം വനിതാ ബ്രാഞ്ച് സെക്രട്ടറിമാരുള്ളത്. 354 ബ്രാഞ്ച് സെക്രട്ടറിമാരാണ് ജില്ലയിലുള്ളത്. കഴിഞ്ഞ സമ്മേളനക്കാലത്ത് 111 മാത്രമാണ് ജില്ലയിൽ ഉണ്ടായിരുന്നത്. ഫറോക്ക് ഏരിയാ കമ്മിറ്റിക്ക് കീഴിൽ മാത്രം 47 സ്ത്രീകൾ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. വയനാട് ജില്ലയിലാണ് വനിതാ ബ്രാഞ്ച് സെക്രട്ടറിമാരുടെ എണ്ണത്തിൽ കുറവുള്ളത്.
തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് 150, കൊല്ലം 204, പത്തനംതിട്ട 122, ആലപ്പുഴ 186, കോട്ടയം 60, ഇടുക്കി 100, എറണാകുളം 109, തൃശൂർ 137, പാലക്കാട് 141, മലപ്പുറം 72, കോഴിക്കോട് 345, വയനാട് 44, കണ്ണൂർ 158, കാസർകോട് 123 എന്നിങ്ങനെയാണ് വനിതാ ബ്രാഞ്ച് സെക്രട്ടറിമാരുടെ ജില്ല തിരിച്ചുള്ള കണക്ക്. സിപിഎമ്മിന് ശക്തമായ അടിത്തറയുള്ള കൊല്ലം ജില്ലയിലെ വിളക്കുവട്ടത്താണ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ബ്രാഞ്ച് സെക്രട്ടറിയുള്ളത്. 19 വയസുകാരിയായ എസ് ശുഭലക്ഷമിയാണ് ഇവിടുത്തെ ബ്രാഞ്ച് സെക്രട്ടറി.
ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തേക്കും സ്ത്രീകളെ കൂടുതലായി പരിഗണിക്കാൻ സിപിഎം ശ്രമം നടത്തുന്നുണ്ട്. സംഘടനാ പ്രവർത്തനത്തിലേക്ക് കൂടുതൽ വനിതകളെ എത്തിക്കുന്നതിനൊപ്പം പാർട്ടിയിൽ സ്ത്രീ പ്രാധാന്യം വർധിപ്പിച്ച് സ്ത്രീകളെ കൂടുതലായി പാർട്ടിയിലേക്ക് എത്തിക്കാനുള്ള നീക്കത്തിൻ്റെ ഭാഗവുമായിട്ടാണ് സിപിഎം നേതൃനിരയിൽ സ്ത്രീകളെ അണിനിരത്താൻ തീരുമാനിച്ചത്. നാല് വർഷം മുൻപ് നടന്ന ഇരുപത്തിരണ്ടാമത് പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായി നടന്ന സമ്മേളനത്തിൽ നിന്നും വ്യത്യസ്തമായിട്ടാണ് ഇത്തവണ പാർട്ടി നേതൃനിരയിലേക്ക് സ്ത്രീകളെ കൂടുതലായി അടുപ്പിച്ചത്.