കുമളി: മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. ഇതുസംബന്ധിച്ച കേരളത്തിന്റെ ആവശ്യം തമിഴ്നാട് അംഗീകരിച്ചു. നിലവിൽ സ്പിൽവേയിലെ മൂന്ന് ഷട്ടറുകൾ 30 സെന്റീമീറ്ററാണ് ഉയർത്തിയിട്ടുള്ളത്. ഇത് 65 സെന്റീമീറ്ററാക്കി വർധിപ്പിക്കും. 11 മണിയോടെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നതോടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് ഇരട്ടിയാകും.
സ്പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തന്നെ കേരളം കത്ത് നൽകിയിരുന്നു. റൂൾ കർവിലേക്ക് ജലനിരപ്പ് താഴ്ത്തുന്നതിന് വേണ്ടിയാണ് ഷട്ടറുകൾ കൂടുതൽ തുറക്കുന്നത്. നേരത്തെ മൂന്ന് ഷട്ടറുകൾ ഉയർത്തിയിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ന്നിരുന്നില്ല. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ പെയ്തതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തുന്നത്. അണക്കെട്ടിലേക്ക് എത്തുന്ന അളവിനനുസരിച്ച് അണക്കെട്ടിന്റെ പുറത്തേക്ക് ജലം പോകുന്നില്ല.
Content Highlights:Mullaperiyar dam