ഷാർജ
ചാമ്പ്യൻമാർ വിറച്ചു, പിന്നെ ജയിച്ചു. ട്വന്റി–-20 ലോകകപ്പിലെ നിർണായകമത്സരത്തിൽ വെസ്റ്റിൻഡീസ് മൂന്ന് റണ്ണിന് ബംഗ്ലാദേശിനെ മറികടന്നു. മൂന്ന് കളിയിൽ ഒരു ജയവുമായി വിൻഡീസ് സെമി സാധ്യത നിലനിർത്തി. മൂന്ന് കളിയും തോറ്റ ബംഗ്ലാദേശ് ഏറെക്കുറെ പുറത്തായി. ഗ്രൂപ്പ് ഒന്നിൽ വിൻഡീസ് രണ്ട് പോയിന്റുമായി നാലാമതാണ്.
ഷാർജയിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 7–-142 റൺ എടുത്തു. മറുപടിക്കെത്തിയ ബംഗ്ലാദേശ് പാതിഘട്ടംവരെ വിജയപ്രതീക്ഷയിലായിരുന്നു. എന്നാൽ ഡ്വെയ്ൻ ബ്രാവോയും ആന്ദ്രേ റസെലും എറിഞ്ഞ വേഗം കുറഞ്ഞ പന്തുകളിൽ ബംഗ്ലാദേശിന്റെ കണക്കുകൂട്ടലുകൾ തെറ്റി. അവസാന രണ്ടോവറിൽ ജയിക്കാൻ 22, ഒരോവറിൽ 13, ഒരു പന്തിൽ നാല് എന്നിങ്ങനെ വിജയത്തിന് അടുത്തെത്തി. റസെൽ എറിഞ്ഞ അവസാന ഓവറിന്റെ അവസാന പന്തിൽ ബംഗ്ലാ ക്യാപ്റ്റൻ മഹ്മദുള്ളയ്ക്ക് ബാറ്റ് വയ്ക്കാൻ കഴിഞ്ഞില്ല. മൂന്ന് റണ്ണിന്റെ നാടകീയ ജയത്തോടെ വിൻഡീസ് ശ്വാസം വീണ്ടെടുത്തു. 5–-139ലാണ് ബംഗ്ലാദേശ് അവസാനിപ്പിച്ചത്.
അവസാനമത്സരത്തിൽ മങ്ങിയ ലെൻഡൽ സിമ്മൺസിനെ ഒഴിവാക്കിയാണ് വിൻഡീസ് ഇറങ്ങിയത്. ജാസൺ ഹോൾഡറും റോസ്റ്റൺ ചേസും ടീമിൽ ഇടംനേടി. എവിൻ ലൂയിസിനൊപ്പം ക്രിസ് ഗെയ്ൽ വിൻഡീസ് ഇന്നിങ്സ് ആരംഭിച്ചു. പക്ഷേ, ഷാർജയിലെ വേഗം കുറഞ്ഞ പിച്ചിൽ ഇരുവരും പതറി. ഗെയ്ൽ നാലു റണ്ണിന് പുറത്തായി. ലൂയിസ് ആറ് റണ്ണിനും. ചേസ് 46 പന്തിൽ 39 റൺ ചേസ് നേടി. ആന്ദ്രേ റസെൽ (0) പന്ത് നേരിടുംമുമ്പ് റണ്ണൗട്ടായി.ക്യാപ്റ്റൻ കീറൺ പൊള്ളാർഡ് ശാരീരിക അസ്വസ്ഥത കാരണം ബാറ്റിങ്ങിനിടെവച്ച് തിരികെ പോയതും വിൻഡീസിനെ തളർത്തി.
നിക്കോളാസ് പുരാൻ (22 പന്തിൽ 40) വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിലൂടെ വിൻഡീസിന് ഉയിർപ്പ് നൽകി. നാല് സിക്സറും ഒരു ഫോറുമായിരുന്നു പുരാന്റെ ഇന്നിങ്സിൽ. ഹോൾഡർ (5 പന്തിൽ 15) രണ്ട് സിക്സർ പായിച്ചു. ക്രീസിൽ തിരിച്ചെത്തിയ പൊള്ളാർഡ് (18 പന്തിൽ 14) ഒരെണ്ണവും പറത്തി.
ഷാക്കിബ് അൽ ഹസനും (12 പന്തിൽ 9) മുഹമ്മദ് നയീമും (19 പന്തിൽ 17) വേഗം മടങ്ങിയെങ്കിലും ബംഗ്ലാദേശിന് ഭീഷണിയുണ്ടായില്ല. 43 പന്തിൽ 44 റണ്ണെടുത്ത ലിട്ടൺ ദാസാണ് ബംഗ്ലാദേശിനെ നയിച്ചത്. ക്യാപ്റ്റൻ മഹ്മദുള്ളയുമായി ചേർന്ന് ദാസ് വിൻഡീസിനെ ആശങ്കയിലാക്കി. എന്നാൽ പത്തൊമ്പതാം ഓവറിന്റെ അവസാനപന്തിൽ ദാസിനെ ഡ്വെയ്ൻ ബ്രാവോ പുറത്താക്കിയതോടെ ബംഗ്ലാദേശ് വിരണ്ടു. അവസാന ഓവറിൽ 13 റൺ വേണ്ടിയിരിക്കെ മഹ്മദുള്ളയും അഫീഫ് ഹുസൈനുമായിരുന്നു കളത്തിൽ. റസെൽ വിട്ടുകൊടുത്തില്ല. മഹ്മദുള്ള 24 പന്തിൽ 31 റണ്ണുമായി പുറത്താകാതെനിന്നു.