വാഷിങ്ടണ്‍
അഫ്ഗാനിസ്ഥാന് തീവ്രവാദികളുടെ സുരക്ഷിത താവളമാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ താലിബാന് കഴിയണമെന്ന് ഇന്ത്യയും അമേരിക്കയും. അൽ-ഖായ്ദ, ഐഎസ്, ലഷ്കറെ -തയ്ബ, ജയ്ഷെ -മുഹമ്മദ് എന്നിവയടക്കം എല്ലാ ഭീകരസംഘടനകൾക്കെതിരെയും നടപടി കൈക്കൊള്ളണമെന്നും വാഷിങ്ടണില്‍ ചേര്‍ന്ന യുഎസ്––ഇന്ത്യ- ഭീകരവിരുദ്ധ സംയുക്തസമിതി ആവശ്യപ്പെട്ടു.
ഇന്ത്യൻ വിദേശമന്ത്രാലയ ജോയിന്റ് സെക്രട്ടറിയായ മഹാവീർ സിങ്വി, യുഎസ് ഭീകരവിരുദ്ധ വിഭാഗം ആക്ടിങ് കോ–-ഓർഡിനേറ്റർ ജോൺ ടി ഗോഡ്ഫ്രേ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. മുംബൈ ഭീകരാക്രമണത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും ധാരണയായി.
അതിനിടെ അഫ്ഗാനിസ്ഥാനില്‍ സാമ്പത്തികപ്രതിസന്ധിയും ദാരിദ്ര്യവും അതിരൂക്ഷമാണെന്നും രാജ്യത്തിന് വിദേശ ബാങ്കുകളിലുള്ള നിക്ഷേപങ്ങള്‍ വിട്ടുകിട്ടണമെന്നും താലിബാന് ആവശ്യപ്പെട്ടു.
യുഎസ് ഫെഡറൽ റിസർവിലും യൂറോപ്പിലെ സെൻട്രൽ ബാങ്കുകളിലുമായി അഫ്ഗാനിസ്ഥാൻ കോടിക്കണക്കിന് ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. ആഗസ്തില്‍ താലിബാൻ ഭരണം പിടിച്ചതിനുപിന്നാലെ ഈ സമ്പാദ്യം രാജ്യങ്ങള്‍ മരവിപ്പിച്ചിരുന്നു. പണം അഫ്ഗാന്റേതാണെന്നും അത് വിട്ടുനല്‍കാത്തത് അധാർമികവും അന്താരാഷ്ട്ര നിയമങ്ങൾക്കും മൂല്യങ്ങൾക്കും എതിരാണെന്നും താലിബാന് വക്താവ് പറഞ്ഞു. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ അഫ്ഗാനിസ്ഥാനില്‍നിന്ന് യൂറോപ്പിലേക്ക് വൻതോതിൽ കുടിയേറ്റം ഉണ്ടാകുമെന്ന് അഫ്ഗാൻ സെൻട്രൽ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നല്കി.