തിരുവനന്തപുരം > മകൻ തെരുവിൽ ഉപേക്ഷിച്ച ഭിന്നശേഷിക്കാരന് ആശ്വാസമായി തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദന്. ഓഫീസിൽ ലഭിച്ച കത്തിലായിരുന്നു മന്ത്രിയുടെ ഇടപെടൽ. ഒക്ടോബര്‍ 12ന് മന്ത്രിയുടെ ഓഫീസിൽ കൊടുങ്ങല്ലൂരില്‍ നിന്നും രമേശ്മേനോന്‍ എഴുതിയ ഒരു സഹായ അഭ്യര്ത്ഥനയെത്തി. ജീവന് നിലനിര്‍ത്താന്‍ ഭക്ഷണവും താമസിക്കാന്‍ സുരക്ഷിതമായ ഒരിടവും ഒരുക്കണമെന്നായിരുന്നു രമേശ് മേനോന്റെ അപേക്ഷ.
അറുപത് ശതമാനം ഭിന്നശേഷിക്കാരനായ രമേശ് മേനോന് മുപ്പത് വര്‍ഷത്തിലേറെ ഗള്‍ഫില്‍ പണിയെടുത്തുണ്ടാക്കിയ സര്‍വ്വ സമ്പാദ്യങ്ങളും ഏക മകന് സ്വന്തമാക്കുകയായിരുന്നു. പിന്നീട് പിതാവിനെ കൊടുങ്ങല്ലൂരിലെ അമ്പലമുറ്റത്ത് ഉപേക്ഷിച്ചു. ലോകമാകെ കോവിഡ് പടര്‍ന്നുപിടിക്കുന്ന കാലത്ത് കമ്യൂണിറ്റി കിച്ചൻ മാത്രമായിരുന്നു ആശ്രയം. കോവിഡിന്റെ രൂക്ഷത കുറഞ്ഞപ്പോള്‍ നാട്ടുകാരാണ് തദ്ദേശ സ്വയംഭരണമന്ത്രിക്ക് അവസ്ഥകൾ വിവരിച്ച് നിവേദനമയക്കാന് പറഞ്ഞത്.
രമേശ് മേനോന്റെ കത്ത് വായിച്ച മന്ത്രി വിഷയത്തില്‍ ഇടപെട്ടു. അന്നുതന്നെ കൊടുങ്ങല്ലൂര്‍ നഗരസഭാ ചെയര്‍മാനെയും സെക്രട്ടറിയെയും ബന്ധപ്പെട്ടു. ഉടനടി പ്രശ്നപരിഹാരം കാണാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശിച്ചു. തുടർന്ന് താമസത്തിനും ചികിത്സയ്ക്കും അഗതിമന്ദിരത്തില്‍ സൗകര്യവുമൊരുക്കി.
വിഷയത്തിൽ സമയബന്ധിതമായി ഇടപ്പെട്ട മന്ത്രിയ്ക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് രമേശ് മേനോൻ അയച്ച വോയിസ് മെസേജ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുകയാണ്.