ബംഗളൂരു > കന്നഡ ചലച്ചിത്ര താരം പുനീത് രാജ്കുമാര് 46) അന്തരിച്ചു (Puneeth Rajkumar passess away). വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ നെഞ്ചു വേദനയെ തുടര്‍ന്ന് ബംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
Crowds outside Vikram Hospital#appu #PuneethRajkumar #Powerstar pic.twitter.com/Cm61BLgBQp
— MIRCHI9 (@Mirchi9) October 29, 2021
പ്രശസ്ത കന്നട നടന് രാജ്കുമാറിന്റെ മകനാണ് പുനീത്. കുട്ടിയായിരുന്നപ്പോൾ പിതാവ് രാജ്കുമാർ അഭിനയിച്ച ചിത്രങ്ങളിൽ മുഖം കാണിച്ചാണ് സിനിമ രംഗത്തേക്കുള്ള അരങ്ങേറ്റം. മുപ്പതോളം കന്നഡ ചിത്രങ്ങളില്‍ നായകവേഷം കൈകാര്യം ചെയ്ത പുനീത് കന്നടയിൽ ഏറ്റവുമധികം ആരാധകരുള്ള സിനിമാതാരമാണ്. പവർ സ്റ്റാർ എന്ന പേരിലാണ് പുനീത് അറിയപ്പെടുന്നത്. ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തിരുന്നു. ആരാധകർക്കിടയിലും അപ്പു എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. അശ്വനി രവാന്ത് ആണ് ഭാര്യ.
ബാലതാരമായെത്തിയ വസന്ത ഗീത (1980), ഭാഗ്യവന്ത (1981), ചാലിസുവ മോദഗലു (1982), ഇരടു നക്ഷത്രഗളു (1983), ബെട്ടാഡ ഹൂവു (1985) എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിൻറെ പ്രകടനം പ്രത്യേകം പ്രശംസിക്കപ്പെട്ടിരുന്നു. 2002 ലെ അപ്പു എന്ന ചിത്രത്തിലാണ് പുനീത് ആദ്യമായി പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്.
അപ്പു (2002), അഭി (2003), വീര കന്നഡിഗ (2004), മൌര്യ (2004), ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിയ വാണിജ്യാടിസ്ഥാനത്തിൽ വിജയകരമായ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരവും ഏറ്റവും പ്രതിഫലം വാങ്ങുന്നയാളുമാണ് അദ്ദേഹം. 2012 ൽ ‘ഹു വാണ്ട്സ് ടു ബി എ മില്ല്യണർ?’ എന്ന ഗെയിം ഷോയുടെ കന്നഡ വേർഷനായ ‘കന്നഡാഡ കോട്യാധിപതി’ എന്ന ഗെയിം ഷോയിലൂടെ ടെലിവിഷൻ അവതാരകനായി അദ്ദേഹം അരങ്ങേറ്റം നടത്തിയിരുന്നു.