തിരുവനന്തപുരം: അഭയകേന്ദ്രത്തിൽ കിടന്ന് മരിക്കുന്നതിനേക്കാൾ സ്വന്തം വീട്ടിൽ കിടന്ന് മരിക്കുന്നതാണ് അഭികാമ്യമെന്ന് ചെറിയൻ ഫിലിപ്പ്. കോൺഗ്രസിൽ തിരിച്ചെത്തിയതിന് പിന്നാലെനടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 20 വർഷത്തിന് ശേഷം കോൺഗ്രസിലേക്ക് മടങ്ങുകയാണ്. ഫാസിസ്റ്റ് ശക്തികൾക്കെതിരായ ബദൽ കോൺഗ്രസാണ്. കോൺഗ്രസ് മരിച്ചാൽ ഇന്ത്യമരിക്കും.
കെപിസിസി പ്രസിഡന്റ് തന്നെ ഔദ്യോഗികമായി കോൺഗ്രസിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ചെറിയാൻ വ്യക്തമാക്കി. സ്ഥിരമായി കുറെ ആളുകൾ സ്ഥാനങ്ങളിലെത്തുന്ന അധികാര കുത്തകയാണ് കോൺഗ്രസ് വിടാൻ കാരണം. എന്നാൽ ഇന്നതിൽ മാറ്റമുണ്ടായി. അന്ന് താൻ പറഞ്ഞ കാര്യങ്ങൾ ഇന്ന് നടപ്പിലാക്കുന്നുണ്ട്. ഇതാണ് തിരിച്ചുവരവിന് സാഹചര്യം ഒരുക്കിയത്.
സിപിഎമ്മിൽ അഭിപ്രായസ്വാതന്ത്ര്യമില്ല. സ്വതന്ത്രമായി എഴുതിയാൽ താൻ ശത്രുവായി മാറും. എന്നാൽ കോൺഗ്രസിൽ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അതിനാൽ തന്നെ രാഷ്ട്രീയ വ്യക്തിത്വമായി ഇടതു സഹയാത്രികനായി തുടരാൻ സാധിക്കില്ല. കോൺഗ്രസ് വിട്ട് സിപിഎമ്മിൽ പോയവർ അനുഭവിച്ചിട്ട് വരട്ടെ. എകെജി സെന്ററിൽ നടന്ന പല രഹസ്യങ്ങളുംഅറിയാം. എന്നാൽ അതൊന്നും പുറത്തു പറയില്ല. പക്ഷെ സിപിഎമ്മിൽ തനിക്ക് ശത്രുക്കളില്ല.ഖാദിയെന്ന പേരിൽവിൽക്കുന്നത് വ്യാജ ഖാദിയാണ്. ഖാദി ബോർഡിൽ പോയിരുന്നെങ്കിൽ വിജിലൻസ് കേസിൽ പെടുമായിരുന്നു.
കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തണമെന്നുള്ളതുകൊണ്ടാണ് കോൺഗ്രസിലേക്ക് തിരികെ വരുന്നത്. തന്റെ വേരുകൾ കോൺഗ്രസിലാണ്. അതില്ലാതെ തനിക്ക് വളർച്ചയുണ്ടാകില്ലെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
സോഷ്യൽ മീഡിയയിലെ പരിഹാസത്തെക്കുറിച്ച് ചോദിച്ചപ്പോൾ മുമ്പ് ഇടത് സഹയാത്രികനെന്ന നിലയിൽ കോൺഗ്രസിനെതിരെ പലതുംപറഞ്ഞിട്ടുണ്ടെന്നും അഭിപ്രായം ഇരുമ്പുലക്കയല്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: No freedom of speech in cpm knows secrets of akg centre says cheriyan philip