കൽപ്പറ്റ
സി കെ ജാനുവിന് കോഴ നൽകിയ കേസിൽ കുരുക്ക് മുറുകുമെന്ന് കണ്ടതോടെ തന്റെ ശബ്ദ സാമ്പിൾ കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോടതിയെ സമീപിച്ചു. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച ഹർജി പരിഗണിക്കും. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാക്കനാട് ചിത്രാഞ്ജലി ലാബിൽ പരിശോധിച്ച ശബ്ദം തിരുവനന്തപുരം ഫോറൻസിക് ലാബിൽ ശാസ്ത്രീയ പരിശോധനക്ക് അയക്കാനുള്ള നടപടി പൂർത്തിയായി വരുമ്പോഴാണ് അന്വേഷണം തടസ്സപ്പെടുത്താൻ സുരേന്ദ്രന്റെ നീക്കം. സംസ്ഥാനത്ത് എൽഡിഎഫ് ഭരണമായതിനാൽ പരിശോധനാഫലം അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് വാദം.
എന്നാൽ എവിടെ പരിശോധിച്ചാലും കുഴപ്പമില്ലെന്നാണ് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയത്. കേസിലെ ഒന്നാം പ്രതി കെ സുരേന്ദ്രനും മുഖ്യ സാക്ഷി ജെആർപി ട്രഷറർ പ്രസീത അഴീക്കോടുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദ രേഖകളിൽ കോഴക്കേസിലെ നിർണായക തെളിവുണ്ട്. പരിശോധനാ ഫലം ലഭിക്കുന്നതോടെ തനിക്കെതിരെയുള്ള കേസ് ക്രൈംബ്രാഞ്ചിന് തെളിയിക്കാൻ കഴിയുമെന്ന ഭയമാണ് കോടതിയിൽ പുതിയ വാദമുയർത്താൻ സുരേന്ദ്രന് പ്രേരണയായത്.