തിരുവനന്തപുരം > പേരൂർക്കടയിലെ കുഞ്ഞിന്റെ വിഷയവുമായി ബന്ധപ്പെടുത്തി കെപിസിസി സെക്രട്ടറി മര്യാപുരം ശ്രീകുമാർ ഫെയ്സ്ബുക്കിൽ ഇട്ട പോസ്റ്റിനെതിരെ സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വക്കീൽ നോട്ടീസ് അയച്ചു.
കുഞ്ഞിനെ തട്ടികൊണ്ട് പോയതിൽ പങ്കുണ്ടെന്നും, ഗൂഢാലോചന നടന്നത് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ചാണെന്നുമാണ് മര്യാപുരം ശ്രീകുമാർ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഇത് വസ്തുതാവിരുദ്ധവും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതുമാണെന്നാണ് നോട്ടീസിൽ പറയുന്നത്. നോട്ടീസ് കൈപ്പറ്റി ഏഴ് ദിവസത്തിനകം പ്രസ്തുത പോസ്റ്റ് പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ആനാവൂർ പ്രസ്താവനയിൽ പറഞ്ഞു.