മധുര > തമിഴ്നാട്ടിലെ മുതിർന്ന സിപിഎ എം നേതാവ് എൻ നൻമാരൻ (74) അന്തരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം. മധുര ഈസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു. മധുരയിൽ ജനിച്ച നൻമാരൻ ചെറുപ്പകാലത്തുതന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിച്ച് തുടങ്ങിയിരുന്നു. 1968 ൽ പുരോഗമന സാഹിത്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സമയത്ത് “കുറിഞ്ഞി ഇതൾ’ എന്ന മാഗസിൻ പുറത്തിറക്കി. 1971 ൽ പ്രസംഗങ്ങളിലൂടെയാണ് നൻമാരൻ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരുന്നത്. കാറൽ മാർക്സ്, ഏംഗൽസ്, ലെനിൻ, സ്റ്റാലിൻ തുടങ്ങിയവരെക്കുറിച്ച് തമിഴിൽ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. 2001 ലും 2006 ലും മധുര മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തി.