മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിൽ പ്രസ് ക്ലബിൽ വെച്ചാകും പ്രഖ്യാപനം ഉണ്ടാകുക. ചെറിയാൻ ഫിലിപ്പിനെ സ്വാഗതം ചെയ്ത് പ്രമുഖ നേതാക്കൾ രംഗത്ത് എത്തിയിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി അദ്ദേഹം കഴിഞ്ഞ ദിവസം വേദി പങ്കിട്ടിരുന്നു. ഇനി ഇടത് സഹയാത്രികനല്ലെന്ന് ചെറിയാൻ ഫിലിപ്പ് തന്നെ വ്യക്തമാക്കുകയും ചെയ്തു. ഉമ്മൻ ചാണ്ടി തൻ്റെ രക്ഷാകർത്താവണെന്നും ആ രക്ഷാകർതൃത്വം ഇനിയും വേണമെന്നുമായിരുന്നു ഉമ്മൻ ചാണ്ടിയുമായി പങ്കിട്ട വേദിയിൽ ചെറിയാൻ ഫിലിപ്പ് പറഞ്ഞത്.
“ഞാനൊരു എടുത്തുചാട്ടക്കാരനാണ്. എന്നാലിപ്പോൾ എടുത്തുചാട്ടകാരൻ്റെ എല്ലൊടിഞ്ഞ അവസ്ഥയിലാണ്. എടുത്തുചാട്ടക്കാരൻ്റെ എല്ലൊടിച്ചേ വിടൂ എന്ന പഴഞ്ചൊല്ല് എൻ്റെ കാര്യത്തിൽ യാഥാർഥ്യമായി. 20 വർഷം ഉമ്മൻ ചാണ്ടിക്കെതിരെ ഞാൻ ആക്രമണം നടത്തിയിട്ടും അദ്ദേഹം തിരിച്ചൊരു പ്രതികരണം നടത്തുക പോലും ചെയ്തില്ല. തെറ്റ് ചെയ്താൽ ക്ഷമിക്കുന്ന മനസാണ് ഉമ്മൻ ചാണ്ടിയുടേത്. കേരളത്തിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടി” – എന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കിയിരുന്നു.
2001ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് വിട്ട ചെറിയാന് ഫിലിപ്പ് പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. എകെ ആന്റണിയുമായി സംസാരിച്ച ചെറിയാൻ ഫിലിപ്പ് ഉപാധികളില്ലാതെ മടങ്ങിവരാൻ തയ്യാറാണെന്നാണ് അറിയിച്ചതായി റിപ്പോർട്ടുണ്ട്. മടങ്ങിവരുന്ന ചെറിയാൻ ഫിലിപ്പിന് കോൺഗ്രസ് പദവി നൽകാനാണ് സാധ്യത. ഇതിലൂടെ പാർട്ടി വിട്ട് പോയ നേതാക്കൾക്കുള്ള സന്ദേശം നൽകുകയാകും നേതൃത്വം ലക്ഷ്യമിടുന്നത്. ചെറിയാന് ഫിലിപ്പിന് എപ്പോള് വേണമെങ്കിലും കോൺഗ്രസിലേക്ക് വരാമെന്ന് കെപിസി പ്രസിഡൻ്റ് കെ സുധാകരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എൽഡിഎഫിൽ എത്തിയെങ്കിലും കോൺഗ്രസ് നേതാക്കളുമായി അടുത്തബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ് ചെറിയാൻ ഫിലിപ്പ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുതിർന്ന നേതാവ് എ കെ ആൻ്റണി എന്നിവർ ചെറിയാൻ ഫിലിപ്പുമായി സംസാരിച്ചു. ചെറിയാനെ കോൺഗ്രസിലേക്ക് മടക്കിക്കൊണ്ടുവരണമെന്ന നിലപാടുള്ളവരാണ് ഉമ്മൻ ചാണ്ടിയടക്കമുള്ളവർ.
കെ സുധാകരൻ്റെ നേതൃത്വത്തിൽ സംസ്ഥാന കോൺഗ്രസിൽ പുതിയ നേതൃത്വം നിലവിൽ വന്നതോടെ യുവ നേതാക്കളടക്കമുള്ളവർ സിപിഎമ്മിൽ ചേർന്നത് കോൺഗ്രസിന് വൻ തിരിച്ചടിയായിരുന്നു. ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങിവന്നാൽ ഈ സാഹചര്യം മറികടക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത്. കെപിസിസി പുനഃസംഘടന കഴിഞ്ഞ ശേഷം മാത്രമാകും ചെറിയാൻ്റെ മനസുമാറ്റത്തിൽ കൂടുതൽ നീക്കങ്ങൾ കോൺഗ്രസ് നടത്തുകയുള്ളൂ. ഇതിനിടെ ചെറിയാൻ ഫിലിപ്പിൻ്റെ നിലപാടിനെ കെ മുരളീധരനടക്കമുള്ള നേതാക്കൾ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.