തിരുവനന്തപുരം: തന്റെ സുരക്ഷ കുറച്ചത് വലിയ കാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം ചെറുതാണെന്ന് തന്നേയും പൊതുസമൂഹത്തേയും ബോധ്യപ്പെടുത്താനാണ് സുരക്ഷ കുറച്ചതെങ്കിൽ വിരോധമില്ലെന്നും വിഡി സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ സുരക്ഷ സെഡ് കാറ്റഗറിയിൽ നിന്ന് വൈ പ്ലസ് കാറ്റഗറിലേക്ക് മാറ്റിയ തീരുമാനത്തിലാണ് സതീശന്റെ പ്രതികരണം.
ഇനിയുള്ളത് ഔദ്യോഗിക വസതിയും കാറുമാണ്. സർക്കാർ ആവശ്യപ്പെട്ടാൽ ഔദ്യോഗിക വസതിയോ കാറോ എന്തു സൗകര്യം വേണമെങ്കിലും തിരിച്ചു നൽകാൻ തയ്യാറാണ്. ഇവയൊന്നും കണ്ട് ഭ്രമിക്കുന്ന ആളല്ല താൻ. ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയങ്ങളല്ലെന്നും ഇക്കാര്യത്തിൽ വ്യക്തിപരമായി പരാതിയില്ലെന്നും വിഡി സതീശൻ പറഞ്ഞു.
സുരക്ഷ കുറച്ചത് പത്രത്തിലൂടെയാണ് അറിഞ്ഞത്. വർഷങ്ങളായി പ്രതിപക്ഷ നേതാവിന് സംസ്ഥാനത്ത് ഒരു സ്ഥാനമുണ്ട്. അത് ഇടിച്ചുതാഴ്ത്താനാണ് സർക്കാർ നോക്കുന്നതെങ്കിൽ തന്റെ സ്ഥാനത്തെയല്ല ബാധിക്കുക. പ്രതിപക്ഷ നേതൃസ്ഥാനത്തിന്റെ മഹത്വം കുറയ്ക്കാൻ നടത്തുന്ന ശ്രമമാണോ ഇതെന്ന് അറിയില്ലെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
content highlights:vd satheesans response in security reduction