തിരുവനന്തപുരം > സംസ്ഥാനത്ത് നാളെ കനത്ത മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട്. ഇന്ന് കണ്ണൂരും കാസർകോടും ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്കൻ കേരളത്തിന് സമീപത്ത് കൂടി സഞ്ചരിക്കാൻ സധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് കനത്ത ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. മധ്യ, തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. ഇന്ന് രാത്രി മുതൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിപ്പുണ്ട്. ശനിയാഴ്ചവരെ ശക്തമായ മഴ തുടരാനാണ് സാധ്യത.