ദുബായ്
ട്വന്റി–-20 ലോകകപ്പിൽ സെമി സ്വപ്നവുമായി ഓസ്ട്രേലിയയും ശ്രീലങ്കയും. തുടർച്ചയായ രണ്ടാംജയമാണ് ഇരുടീമുകളുടെയും ലക്ഷ്യം. ദുബായിൽ രാത്രി 7.30നാണ് പോരാട്ടം. ഗ്രൂപ്പ് ഒന്നിൽ സെമി സ്ഥാനത്തിനായി കടുത്ത മത്സരമാണ്. രണ്ടിലും ജയിച്ച് ഇംഗ്ലണ്ടാണ് ഒന്നാമത്. ഓസീസിനും ലങ്കയ്ക്കുംപുറമെ ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, വെസ്റ്റിൻഡീസ് ടീമുകളാണ് ഗ്രൂപ്പിൽ. കളിച്ച രണ്ടിലും തോറ്റ നിലവിലെ ചാമ്പ്യൻമാരായ വിൻഡീസിന്റെയും ബംഗ്ലാദേശിന്റെയും വാതിലുകൾ അടയുകയാണ്.
ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റിനാണ് ഓസ്ട്രേലിയ മറികടന്നത്. അവസാന ഓവറിലായിരുന്നു ജയം. ബാറ്റർമാർ പ്രതീക്ഷിച്ച മികവ് കാട്ടിയില്ല. ഓപ്പണർമാരായ ഡേവിഡ് വാർണറും ക്യാപ്റ്റൻ ആരോൺ ഫിഞ്ചും മങ്ങുന്നതാണ് കംഗാരുക്കൾക്ക് ക്ഷീണമാകുന്നത്. ഗ്ലെൻ മാക്സ്വെല്ലിലാണ് അവരുടെ പ്രതീക്ഷകൾ. ബാറ്റിലും പന്തിലും ഒരുപോലെ തിളങ്ങുന്നുണ്ട് മാക്സ്വെൽ. സ്റ്റീവ് സ്മിത്തിന്റെ പരിചയസമ്പന്നതയും തുണയാകുന്നുണ്ട്. മാർകസ് സ്റ്റോയിനിസും മിച്ചെൽ മാർഷും ഓൾറൗണ്ടർമാരായുണ്ട്. ജോഷ് ഹാസെൽവുഡും മിച്ചെൽ സ്റ്റാർകും ലങ്കൻ ബാറ്റർമാരെ വിറപ്പിക്കാൻ പ്രാപ്തർ.
പുതിയ ശ്രീലങ്കയെയാണ് ലോകകപ്പിൽ കാണുന്നത്. യോഗ്യതാമത്സരത്തിൽ മൂന്നിലും ഗംഭീര ജയവുമായെത്തിയ ദ്വീപുകാർ ബംഗ്ലാദേശിനെ തകർത്തു. അഞ്ച് വിക്കറ്റിനായിരുന്നു ജയം. ചരിത് അസലങ്കയും ഭാനുക രജപക്സയും ബാറ്റിൽ മിന്നി. പരിചയസമ്പന്നനായ ഓപ്പണർ കുശാൽ പെരേര തുടർച്ചയായി പരാജയപ്പെടുന്നത് തലവേദനയാണ്. ഓൾറൗണ്ടർ വണീന്ദു ഹസരങ്കയാണ് ലങ്കയുടെ പ്രധാന ആയുധം.