തിരുവനന്തപുരം
സിൽവർ ലൈൻ പദ്ധതിയുടെ അടങ്കൽ തുകയിൽനിന്ന് യഥാർഥ തുക കൂടുതലായി വരുന്ന സാഹചര്യമില്ലെന്നാണ് വിലയിരുത്തലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. യഥാർഥ തുക അടങ്കലിനേക്കാൾ കൂടുതലാകാം എന്ന നിതി ആയോഗിന്റെ റിപ്പോർട്ടിന് വസ്തുത ആധാരമാക്കിയുള്ള മറുപടി കെആർഡിസിഎൽ നൽകിയിരുന്നു. ഇത് അംഗീകരിച്ചാണ് കേന്ദ്ര സാമ്പത്തികമന്ത്രാലയത്തിന് വായ്പാ സമാഹരണത്തിന് ശുപാർശ ചെയ്തത്.
പദ്ധതിയുടെ ആക്സിൽ ലോഡ് 17 ടൺ ആയതിനാൽ ചരക്ക് ട്രെയിൻ ഓടിക്കാനാകില്ലെന്നും ഹൈബ്രിഡ് മാതൃക നടപ്പാക്കി സാമ്പത്തികലാഭം നേടാൻ സാധിക്കില്ലെന്നുമുള്ള വാദം വസ്തുതാവിരുദ്ധമാണ്. 200 കിലോമീറ്റർ വേഗത്തിൽ 16 ടൺ ആക്സിൽ ലോഡുള്ള പാസഞ്ചർ ട്രെയിനും 120 കിലോമീറ്റർ വേഗത്തിൽ 22.5 ടൺ ആക്സിൽ ലോഡുള്ള ചരക്ക് ട്രെയിനും ഓടിക്കാവുന്ന ഘടനയിലാണ് പദ്ധതി. അതിനാൽ, ചരക്കുഗതാഗതം സുഗമമായി നടത്താമെന്നും മുഖ്യമന്ത്രി അറിയിച്ചു.