അതെ സമയം സമൂഹ മാധ്യമങ്ങൾ, ബ്ലോഗിംഗ് അല്ലെങ്കിൽ വ്ലോഗിംഗ് എന്നിവയ്ക്ക് സ്ഥാനമില്ലാത്ത ചില സാഹചര്യങ്ങളുണ്ട്. ഒരാളുടെ ശവസംസ്കാരം അത്തരത്തിലുള്ള ഒരു ചടങ്ങാണ്. എന്നാൽ ഫ്ലോറിഡയിൽ നിന്നുള്ള ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ ജെയ്‌ൻ റിവേര ഒരു ശവസംസ്‌കാര ചടങ്ങിൽ നടത്തിയ ‘ഫോട്ടോഷൂട്ട്’ സൈബർലോകത്ത് വൻ വിമർശനമാണ് ഏറ്റുവാങ്ങിയത്. കാരണം ആരുടെയെങ്കിലും ശവസംസ്കാരമല്ല, സ്വന്തം പിതാവിന്റെ ശവസംസ്കാര സമയത്താണ് ജെയ്‌ൻ റിവേര ഇത്തരമൊരു പ്രവർത്തി ചെയ്തത്.
മരണപ്പെട്ട പിതാവിന്റെ തുറന്ന ശവപ്പെട്ടിക്ക് മുൻപിൽ പോസ് ചെയ്ത ഫോട്ടോകളാണ് ജെയ്‌ൻ റിവേര ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. “റെസ്റ്റ് ഇൻ പീസ്, പാപ്പി നിങ്ങൾ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. നന്നായി ജീവിച്ച ഒരു ജീവിതം” എന്ന കുറിപ്പോടെയാണ് ജെയ്‌ൻ റിവേര ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പോസ്റ്റിൽ #dadless എന്ന ഹാഷ്‌ടാഗ് ഉൾപ്പെടുത്തിയാണ് ജെയ്‌ൻ റിവേര ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് റിപോർട്ടുകൾ.
മരിച്ച വ്യക്തിയെ അവഹേളിക്കുന്നതും അനാദരവ് പ്രകടിപ്പിക്കുന്നതുമാണ് ജെയ്‌ൻ റിവേര പോസ്റ്റ് ചെയ്ത ചിത്രങ്ങൾ എന്ന വിമർശനം ഉയർന്നതോടെ ചിത്രങ്ങൾ ഉടനെ ജെയ്‌ൻ റിവേര ഇൻസ്റ്റാഗ്രാമിൽ നിന്നും നീക്കി. അതെ സമയം വിമർശനം തുടർന്നതോടെ ഇൻഫ്ലുവൻസർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിർജ്ജീവമാക്കി. റിപ്പോർട്ടുകൾ പ്രകാരം എട്ട് ഫോട്ടോകളുടെ ഒരു പരമ്പരയാണ് ജെയ്ൻ പോസ്റ്റ് ചെയ്തത്. ഒന്നിൽ ജെയ്ൻ പുഞ്ചിരിച്ച് നിൽക്കുന്നു. മറ്റൊന്നിൽ പ്രാർത്ഥനയോടെ കൈകൾ കൂപ്പി നിൽക്കുന്നു. മറ്റൊന്നിൽ ദൂരേയ്ക്ക് നോക്കി നിൽക്കുന്നു. ഈ ഫോട്ടോകളിലെല്ലാം പശ്ചാത്തലത്തിൽ പിതാവിന്റെ മൃതശരീരം ശവപെട്ടിയിലുണ്ട് എന്നതാണ് അലോരസപ്പെടുന്നത്.