തൃശൂർ > കൊടകര ബിജെപി കുഴൽപ്പണക്കേസിൽ പൊലീസ് കണ്ടെടുത്ത പണം വിട്ടുകിട്ടണമെന്ന പ്രതികളുടെ ഹർജി തള്ളി. ഹവാല ഇടപാടുകാരനും ആർഎസ്എസ് അനുഭാവിയുമായ ധർമരാജൻ, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക് (സുനിൽകുമാർ) എന്നിവരുടെ ഹർജിയാണ് ഇരിങ്ങാലക്കുട ഒന്നാംക്ലാസ് ജൂഡിഷ്യൽ മജിസ്ട്രേറ്റ് അലിഷ മാത്യു തള്ളിയത്. പണം വിട്ടുകിട്ടണമെന്ന ഹർജി കോടതി തള്ളിയതോടെ പണം ബിജെപിയുടെ ഹവാല പണമാണെന്ന് സ്ഥിരീകരിക്കുകയാണ്.
പണത്തോടൊപ്പം തട്ടിക്കൊണ്ടുപോയ കാർ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ധർമരാജന്റെ ഡ്രൈവർ ഷംജീർ സമർപ്പിച്ച ഹർജിയും തള്ളി. പണത്തിന്റെ രേഖകൾ ഹാജരാക്കാൻ കോടതി പലതവണ അവസരം നല്കിയെങ്കിലും അതിന് കഴിഞ്ഞിരുന്നില്ല. ഹവാല പണമാണെന്ന് സ്ഥിരീകരിക്കുന്നതിന് പ്രോസിക്യൂഷൻ ഹാജരാക്കിയ മൊഴികളും തെളിവുകളും കോടതി പരിഗണിച്ചു. കമീഷൻ വ്യവസ്ഥയിൽ പണം എത്തിക്കുന്ന ഹവാല ഡീലറാണ് ധർമരാജൻ. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകർക്കുന്ന കള്ളപ്പണ ഇടപാടാണ് നടന്നതെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എൻ കെ ഉണ്ണികൃഷ്ണൻ വാദിച്ചു. ബിസിനസ് ആവശ്യത്തിനുള്ള പണമാണ് കവർച്ച ചെയ്തതെന്നായിരുന്നു ധർമരാജന്റെ വാദം. * കോടതി ഈ വാദം തള്ളി. കറൻസി നശിച്ചു പോകുന്ന ഇനമല്ലെന്നും അതിനാൽ കേസ് തീരും വരെ സുരക്ഷിതമായി സൂക്ഷിക്കാനാകുമെന്നും കോടതി നിരീക്ഷിച്ചു.ഏപ്രിൽ മൂന്നിന് പുലർച്ചെ 4.40നാണ് കൊടകരയിൽനിന്ന് മൂന്നരകോടി രൂപ കവർച്ചചെയ്തത്. പ്രതികളിൽ നിന്ന് 1.40 കോടിയും സ്വർണവും പണമിടപാട് രേഖകളും കണ്ടെടുത്തിരുന്നു.