അബുദാബി
ബംഗ്ലാദേശിന് ഇന്ന് ജീവന്മരണപോരാട്ടം. ട്വന്റി–-20 ലോകകപ്പ് ഗ്രൂപ്പ് ഒന്നിലെ ആദ്യകളി തോറ്റ ബംഗ്ലാദേശിന് സെമിസാധ്യത നിലനിർത്തണമെങ്കിൽ ജയം അനിവാര്യമാണ്. ആദ്യകളിയിൽ ചാമ്പ്യൻമാരായ വെസ്റ്റിൻഡീസിനെ തകർത്തുവിട്ട ഇംഗ്ലണ്ടാണ് എതിരാളികൾ. രണ്ടാംജയം സ്വന്തമാക്കിയാൽ ഇംഗ്ലണ്ടിന് നോക്കൗട്ട് ഘട്ടത്തിലേക്കുള്ള പ്രതീക്ഷ സജീവമാക്കാം.
അബുദാബിയിലെ പിച്ചും സാഹചര്യവും ഇംഗ്ലണ്ടിന് വെല്ലുവിളിയാകാൻ സാധ്യതയുണ്ട്. കടുത്ത ചൂടാണ്. മത്സരം പകലും. അവസാനം കളിച്ച നാലു കളിയിൽ മൂന്നിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമായിരുന്നു ജയിച്ചത്. അതിനാൽ ടോസും നിർണായകമാണ്. യോഗ്യതാ റൗണ്ട് കളിച്ചെത്തിയ ബംഗ്ലാദേശിന് ആദ്യകളിയിൽ അപ്രതീക്ഷിത തിരിച്ചടിയായിരുന്നു. താരതമ്യേന മികച്ച സ്കോർ നേടിയിട്ടും ലങ്കൻ ബാറ്റർമാരെ പിടിച്ചുകെട്ടാൻ ബംഗ്ലാ ബൗളർമാർക്ക് കഴിഞ്ഞില്ല. ഓൾ റൗണ്ടർ ഷാക്കിബ് അൽ ഹസനെ കൃത്യമായി ഉപയോഗിക്കുന്നതിൽ ക്യാപ്റ്റൻ മഹ്മദുള്ളയ്ക്ക് പിഴവുപറ്റി. ഒരോവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തി ലങ്കയെ ഒരുഘട്ടത്തിൽ സമ്മർദത്തിലാക്കിയ ഷാക്കിബിന് പിന്നെ അവസരം കിട്ടിയത് അവസാനഘട്ടത്തിലായിരുന്നു. അപ്പോഴേക്കും ലങ്ക ജയമുറപ്പാക്കിയിരുന്നു. ഓപ്പണർ ലിട്ടൺ ദാസിന്റെ മോശം പ്രകടനമാണ് ബംഗ്ലാദേശിന് ആശങ്ക. മുഹമ്മദ് നയീമും മുതിർന്ന താരം മുഷ്ഫിക്കർ റഹിമും ബാറ്റിങ് നിരയിൽ തിളങ്ങുന്നു.
മികച്ച ബാറ്റർമാരാണ് ഇംഗ്ലണ്ടിന്റെ ശക്തി. ജോസ് ബട്ലർ, ജാസൺ റോയ്, ജോണി ബെയർസ്റ്റോ എന്നിവർക്കൊപ്പം ഓൾ റൗണ്ടർ മൊയീൻ അലിയും ചേരുമ്പോൾ ഇംഗ്ലണ്ടിന് കുതിക്കാം. പേസർ മാർക് വുഡിനെ ഇന്ന് കളിപ്പിക്കാൻ സാധ്യതയുണ്ട്.
ആദ്യമത്സരത്തിൽ വിൻഡീസിനെ 55 റണ്ണിനാണ് ഇംഗ്ലീഷ് ബൗളർമാർ കൂടാരം കയറ്റിയത്. സ്പിന്നർ ആദിൽ റഷീദിന്റെ ബൗളിങ് പ്രകടനമായിരുന്നു ശ്രദ്ധേയം. 2.2 ഓവറിൽ നാല് വിക്കറ്റാണ് റഷീദ് നേടിയത്.