വാഷിങ്ടൺ
സൈനിക അട്ടിമറിയെത്തുടർന്ന് സുഡാനുള്ള സഹായം നിർത്തിവച്ച് അമേരിക്ക. രാജ്യത്ത് പൂർണ സിവിലിയൻ സർക്കാർ സാധ്യമാക്കാനുള്ള നടപടികൾക്കായി നൽകിവന്ന 70 കോടി ഡോളറിന്റെ (5250 കോടി രൂപ) സഹായമാണ് നിർത്തിയത്.
ജനാധിപത്യ പുനഃസ്ഥാപനം ആവശ്യപ്പെട്ട് സുഡാനിൽ പ്രതിഷേധം തുടരുന്നു. റോഡുകൾ ഉപരോധിക്കുകയും ടയറുകൾ കത്തിക്കുകയും ചെയ്തു. കമ്യൂണിസ്റ്റ് പാർടി ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. ശനിയാഴ്ച വമ്പിച്ച ജനപങ്കാളിത്തത്തോടെ റാലി നടത്തുമെന്ന് പ്രക്ഷോഭകർ പ്രഖ്യാപിച്ചു. തലസ്ഥാനമായ ഖാർത്തൂമിൽ സൈന്യം തിങ്കളാഴ്ച നാല് പ്രക്ഷോഭകരെ വെടിവച്ച് കൊന്നിരുന്നു. പ്രധാനമന്ത്രിയും രണ്ട് മന്ത്രിമാരുമുൾപ്പെടെയുള്ള പ്രധാന നേതാക്കൾ ഇപ്പോഴും സൈനിക തടവിലാണ്.