ന്യൂഡൽഹി
വെബ് സിരീസിന്റെ ചിത്രീകരണസ്ഥലത്ത് ആക്രമണം നടത്തി സംവിധായകൻ പ്രകാശ് ഝായുടെ നേരെ കറുത്ത മഷി ഒഴിച്ച ബജ്രംഗ്ദളിനെതിരെ വ്യാപക പ്രതിഷേധം. ഭോപാലിൽ ഞായർ വൈകിട്ടായിരുന്നു ആക്രമണവും കൊള്ളയും. ഹിന്ദുദൈവങ്ങളെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് ആശ്രം എന്ന വെബ്സീരിസ് സെറ്റ് നശിപ്പിച്ചത്.
ചിത്രീകരണ സംഘത്തിന്റെ വാഹനങ്ങൾ തകർക്കുകയും സാമഗ്രികൾ കൊള്ളയടിക്കുകയും ചെയ്തു. സംഭവത്തെ പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ അപലപിച്ചു. ചിത്രീകരണത്തിനും പ്രദർശനത്തിനും നേരെ അടിക്കടി ആക്രമണം ഉണ്ടാകുന്നു. സർക്കാർ ഇടപെടണമെന്ന് ഗിൽഡ് ആവശ്യപ്പെട്ടു.
അക്രമികൾക്കെതിരെ നടപടി എടുക്കണമെന്ന് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് ആവശ്യപ്പെട്ടു. ചലച്ചിത്രകാരന്മാരായ ഹൻസൽ മെഹ്ത്ത, സഞ്ജയ് ഗുപ്ത, സുധീർ മിശ്ര, പ്രതീഷ് നന്ദി, നടി സ്വര ഭാസ്കർ എന്നിവർ ആക്രമണത്തെ അപലപിച്ചു. സമൂഹമാധ്യമങ്ങളിലും പ്രതിഷേധമുയരുന്നു.