ന്യൂഡൽഹി
കര്‍ഷകരെ വണ്ടികയറ്റിക്കൊന്ന കേസില്‍ സാക്ഷികളെ സംരക്ഷിക്കാനും സാക്ഷിമൊഴി വേഗം രേഖപ്പെടുത്താനും അടിയന്തര നടപടിയെടുക്കണമെന്ന് ഉത്തർപ്രദേശ് സർക്കാരിന് കര്‍ശനനിര്‍ദേശം നല്കി സുപ്രീംകോടതി. അന്വേഷണത്തിന്റെ രണ്ടാം തൽസ്ഥിതി റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ മൂന്നംഗബെഞ്ചിന്റെ നിർദേശം.
സിആർപിസി 164 പ്രകാരം പ്രധാനപ്പെട്ട സാക്ഷികളുടെ മൊഴി എത്രയും വേഗം രേഖപ്പെടുത്തണം.ബന്ധപ്പെട്ട മജിസ്ട്രേട്ട് ഇല്ലെങ്കിൽ അടുത്തുള്ള മജിസ്ട്രേട്ടിനു മുന്നിൽ മൊഴി രേഖപ്പെടുത്തണം. ഏതെങ്കിലും സാക്ഷിക്ക് ജീവന് ഭീഷണിയോ മൊഴി നൽകാൻ ഭീതിയോ ഉണ്ടെങ്കിൽ നടപടിയെടുക്കണമെന്നും ഇടക്കാല ഉത്തരവിൽ പറഞ്ഞു.
കേസിലെ 68 സാക്ഷികളിൽ 30 പേരുടെ മൊഴി സിആർപിസി 164 പ്രകാരം രേഖപ്പെടുത്തിയതായി യുപി സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ അറിയിച്ചു. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത റാലിക്കിടെയാണ് സംഘർഷമുണ്ടായതെന്നും ഇത്രയും കുറച്ച് സാക്ഷികളെയേ ലഭിച്ചുള്ളോയെന്നും കോടതി ചോദിച്ചു. സാക്ഷികൾ രംഗത്ത് വരണമെന്ന് ആവശ്യപ്പെട്ട് പത്രത്തിൽ പരസ്യം നൽകിയെന്നും വരുംദിവസങ്ങളിൽ കൂടുതൽപേർ വരുമെന്നാണ് പ്രതീക്ഷയെന്നും ഹരീഷ് സാൽവെ പ്രതികരിച്ചു. വീഡിയോ ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധന വേഗം പൂർത്തിയാക്കണമെന്നും കോടതി പറഞ്ഞു.
കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ ശ്യാംസുന്ദർ, മാധ്യമപ്രവർത്തകൻ രാം കശ്യപ് എന്നിവരുടെ ബന്ധുക്കളുടെ ഹർജികളിൽ പ്രതികരണം അറിയിക്കാൻ യുപി സർക്കാരിനോട് കോടതി നിർദേശിച്ചു. നവംബർ എട്ടിന് വീണ്ടും വാദംകേൾക്കും.