തിരുവനന്തപുരം > മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 138 അടിയില്‍ നിലനിര്‍ത്തുമെന്ന് തമിഴ്നാട് അറിയിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. ജലനിരപ്പ് 138 അടിയിലെത്തിയാല്‍ സ്പില്‍വേ വഴി ജലം ഒഴുക്കിക്കളയും. നിലവില്‍ മുല്ലപ്പെരിയാറില്‍ ആശങ്കയ്ക്കിട നല്കുന്ന സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ന് ചേര്‍ന്ന ഉന്നതതല സമിതി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി തീരുമാനം അറിയിച്ചത്.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.99 അടിയായി ജലനിരപ്പ് നിലനിര്‍ത്തണമെന്നാണ് 2018ല്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് യോഗത്തില്‍ കേരളം ആവശ്യപ്പെട്ടു. പരമാവധി ജലം മുല്ലപ്പെരിയാറില്‍ നിന്ന് കൊണ്ടുപോകണമെന്നും തമിഴ്നാടിനോട് കേരളം ആവശ്യപ്പെട്ടു. 2200 ചതുരശ്ര ഘനഅടി വെള്ളമാണ് ഇപ്പോള്‍ കൊണ്ടുപോകുന്നത്. ഇത് 2700 ചതുരശ്ര ഘനഅടി വരെ എടുക്കാന്‍ സാധിക്കും. കേന്ദ്ര ജലകമ്മിഷന് അംഗവും മുല്ലപ്പെരിയാര്‍ ഉന്നതതല സമിതി ചെയര്‍മാനുമായ ഗുല്‍ഷന്‍ രാജ് കേരളത്തിന്റെ നിര്‍ദേശത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
നിലവില്‍ 137.6 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. മഴയ്ക്ക് ശമനമായതോടെ നീരൊഴുക്കിലും കുറവുവന്നു. സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന് 24 മണിക്കൂര്‍ മുന്‍പെങ്കിലും അറിയിക്കണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.