ജലനിരപ്പ് 137 അടിയിൽ നിർത്തണമെന്നാണ് കേരളം ഉന്നതതല സമിതി യോഗത്തിൽ ആവശ്യപ്പെട്ടത്. 139.99 അടിയായി ജലനിരപ്പ് നിലനിർത്തണമെന്നുള്ള 2018 ലെ സുപ്രീംകോടതി ഉത്തരവ് കേരളം ചൂണ്ടിക്കാട്ടി. മുല്ലപ്പെരിയാറിലെ വെള്ളം ഒഴുക്കി കളയേണ്ടി വന്നാൽ ഇടുക്കി അണക്കെട്ടിലേക്കായിരിക്കും അത് ഒഴുകിയെത്തുകയെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിൽ കൂടുതൽ വെള്ളം ഉൾക്കൊള്ളാൻ കഴിയില്ലെന്നും കേരളം പറഞ്ഞു.
പരമാവധി വെള്ളം തമിഴ്നാട്ടിലേക്ക് ഒഴുക്കി കൊണ്ടുപോകണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ വെള്ളം സംഭരിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തെ പ്രധിനിധീകരിച്ച് അഡീഷ്ണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് ഐഎഎസ് പങ്കെടുത്തു. തമിഴ്നാടിനു വേണ്ടി അഡീഷ്ണൽ ചീഫ് സെക്രട്ടറി സന്ദീപ് സക്സേന ഐഎഎസ് (പിഡബ്ല്യുഡി), കൂടാതെ കേന്ദ്ര ജലകമ്മീഷൻ അംഗവും മുല്ലപ്പെരിയാര്‍ ഉന്നതതല സമിതി ചെയര്‍മാനുമായ ഗുല്‍ഷന്‍ രാജും പങ്കെടുത്തു.
അതേസമയം കേരളത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കത്തയച്ചു. പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തിന് തമിഴ്നാട് പൂർണ്ണ പിന്തുണ നൽകണമെന്നാവശ്യപ്പെട്ടാണ് വി ഡി സതീശൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.
തമിഴ്നാടിന് ജലം, കേരളത്തിന് സുരക്ഷ എന്നതാണ് ഇരു സംസ്ഥാനങ്ങൾക്കും അനുയോജ്യമായ നിലപാടെന്ന് വി ഡി സതീശൻ പറഞ്ഞു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടിയിലെത്തിയതോടെ കേരളത്തിൽ ആശങ്ക വർധിച്ചു വരികയാണ്. 125 വർഷത്തിലധികം പഴക്കമുള്ള ഡാമിന്റെ സുരക്ഷ സംബന്ധിച്ചും ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.