ദുബായ് > ട്വന്റി 20 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ആദ്യജയം നേടിയ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റിനാണ് വെസ്റ്റിന്‍ഡീസിനെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് നേടി. 10 പന്തുകള്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തി.
വിന്‍ഡീസിന് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണറായ എവിന്‍ ലൂയിസ് (35 പന്തില്‍ 56 റണ്‍സ്) നല്‍കിയത്. എന്നാല്‍ പിന്നാലെ വന്ന നിക്കോളാസ് പൂരനും (7 പന്തില്‍ 12 റണ്‍സ്), സിമ്മണ്‍സിനും (35 പന്തില്‍ 16 റണ്‍സ്) തിളങ്ങാനായില്ല. നായകന് കെയ്റോണ്‍ പൊള്ളാര്‍ഡും (20 പന്തില്‍ 26 റണ്‍സ്) ക്രിസ് ഗെയ്ലും (12 റണ്‍സ്) ചേര്‍ന്നാണ് സ്കോര്‍ 100 കടത്തിയത്. ബ്രാവോ എട്ട് റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡ്വെയ്ന്‍ പ്രിട്ടോറിയസ് മൂന്ന് വിക്കറ്റും കേശവ് മഹാരാജ് രണ്ട് വിക്കറ്റും വീഴ്ത്തി. കഗിസോ റബാഡ, ആന്റിച്ച് നോര്‍ക്യെ എന്നിവര്‍ ഒരോ വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക എയ്ഡന്‍ മാര്‍ക്രം (26 പന്തില്‍ 51* റണ്‍സ്), റീസ ഹെന്‍ഡ്രിക്സ് (30 പന്തില്‍ 39 റണ്‍സ്), റസി വാന്‍ ഡെര്‍ ഡുസന് (51 പന്തില്‍ 43 റണ്‍സ്) എന്നിവരുടെ മികവിലാണ് അനായാസ ജയം നേടിയത്. മൂന്നു പന്തില്‍ രണ്ടു റണ്‍സുമായി ക്യാപ്റ്റന്‍ ടെംബ ബാവുമ റണ്ണൗട്ടായി.
വിന്‍ഡീസിനായി അകീല്‍ ഹുസൈന് നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.
ഈ സീസണിലെ ആദ്യ മത്സരത്തില്‍ തോറ്റാണ് ഇരുടീമും നേര്‍ക്കുനേര്‍ പോരാടാനെത്തിയത്. ആദ്യകളിയില്‍ വെസ്റ്റിന്‍ഡീസ് ഇംഗ്ലണ്ടിനോടും, ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയോടുമാണ് പരാജയപ്പെട്ടത്.