പത്താംക്ലാസുകാരനായ പ്രതി ജില്ലാതല ജൂഡോ ചാമ്പ്യനാണ്. ശക്തമായി പ്രതിരോധിച്ചതിനാലാണ് ആരോഗ്യവാനായ അക്രമിയിൽ നിന്നും പെൺകുട്ടി രക്ഷപെട്ടതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ കഴുത്തിൽ പ്രതി നന്നായി അമർത്തിയിരുന്നു. മരണം സംഭവിക്കാമായിരുന്ന അവസ്ഥയിൽ നിന്നാണ് രക്ഷപെട്ടത്. കല്ലുകൊണ്ട് തലയ്ക്കടിച്ചെങ്കിലും വലിയ പരിക്കുപറ്റിയില്ലെന്ന് എസ്പി പറഞ്ഞു.
ബലാത്സംഗ ശ്രമത്തിനിടെ പ്രതിയുടെ ശരീരത്തിലും കഴുത്തിലും ചുണ്ടിലും നഖംകൊണ്ടുള്ള മുറിവ് ഉണ്ടായിട്ടുണ്ട്. പ്രതി വീട്ടിലെത്തിയപ്പോൾ മുറിവ് എങ്ങനെയുണ്ടായെന്ന് വീട്ടുകാർ തിരക്കിയിരുന്നു. നായ കടിക്കാൻ ഓടിച്ചപ്പോൾ വീണു പരിക്കേറ്റതാണെന്നായിരുന്നു പ്രതിയുടെ മറുപടി. പെൺകുട്ടിയെ ഏറെ ദൂരം പിന്തുടർന്ന ശേഷമാണ് പ്രതി ബലാത്സംഗത്തിന് ശ്രമിച്ചത്. ആളൊഴിഞ്ഞ വാഴത്തോട്ടത്തിനടുത്ത് എത്തിയപ്പോൾ പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്നും എസ്പി വ്യക്തമാക്കി.
നടന്നു പോകുമ്പോൾ പിന്നിൽ നിന്നും ആക്രമിച്ച പ്രതി വിദ്യാർത്ഥിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. വയലിലെ വാഴത്തോട്ടത്തിൽ എത്തിച്ച് പെൺകുട്ടിയുടെ വസ്ത്രം വലിച്ചുകീറാൻ പ്രതി ശ്രമിച്ചു. കൈകൾ കെട്ടിയിടുകയും ബലാത്സംഗം ചെയ്യാൻ ശ്രമിച്ചപ്പോൾ കല്ലുകൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. കുതറി മാറിയതിനാലാണ് മരണത്തിൽ നിന്നും രക്ഷപെട്ടത്. സ്ഥലത്തു നിന്നും ഓടി രക്ഷപെട്ട പെൺകുട്ടിയെ പ്രതി പിന്തുടർന്നെങ്കിലും സമീപത്തെ വീട്ടിലേക്ക് ഓടി കയറിയതിനാൽ പെൺകുട്ടി രക്ഷപെടുകയായിരുന്നു. വീട്ടുകാരുടെ സഹായത്തോടെയാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജിലുമാണ് പെൺകുട്ടിയെ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് ശേഷം പെൺകുട്ടി വീട്ടിലേക്ക് മടങ്ങി.