തിരുവനന്തപുരം: മാതാപിതാക്കൾ തന്റെ കുഞ്ഞിനെ തട്ടികൊണ്ടുപോയെന്ന ആരോപണം കുടുംബ കോടതിയിൽ പരാമർശിക്കാതെ എസ്എഫ്ഐ മുൻ നേതാവ് അനുപമ. താത്കാലിക സംരക്ഷണത്തിനായി കുഞ്ഞിനെ മാതാപിതാക്കളെഏൽപ്പിക്കുകയായിരുന്നുവെന്നാണ് അനുപമ കുടുംബ കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്.
കുഞ്ഞിനെ മാതാപിതാക്കൾ തട്ടിക്കൊണ്ടു പോയെന്നായിരുന്നു അനുപമ നേരത്തെ പോലീസിലടക്കം പരാതി നൽകിയിരുന്നത്. ഈ പരാതിയുടെ പശ്ചാത്തലത്തിലാണ് പോലീസ് ക്രിമിനൽ കേസെടുത്തിരുന്നത്.
തിരുവനന്തപുരം കുടുംബകോടതിയിൽ ഇന്നാണ് അനുപമ ഹർജി നൽകിയത്. കാട്ടാക്കടയിലെ ആശുപത്രിയിൽ താൻ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ശേഷം താത്കാലിക സംരക്ഷണത്തിനായി കുഞ്ഞിനെ തന്റെ മാതാപിതാക്കളെ ഏൽപ്പിച്ചു. പിന്നീട് ഈ കുഞ്ഞിനെ ആവശ്യപ്പെട്ടപ്പോൾ തങ്ങളുടെ പക്കലില്ല എന്നാണ് അറിയിച്ചതെന്നും അനുപമ ഹർജിയിൽ പറയുന്നു.
ചൈൽഡ് വെൽഫയൽ കമ്മിറ്റിക്ക് കുഞ്ഞിനെ കൈമാറിയതായി തന്റെ മാതാപിതാക്കൾ അറിയിച്ചു. ഇത് വിശ്വാസയോഗ്യമാണെന്നും അനുപമ പറയുന്നു. കാറിൽ നിന്ന് മാതാപിതാക്കൾ തട്ടിക്കൊണ്ട് പോയി എന്നായിരുന്നു അനുപമയുടെ നേരത്തെയുള്ള പരാതി. ഇതേ തുടർന്നാണ് മാതാപിതാക്കളുടെ പേരിലടക്കം പേരൂർക്കട പോലീസ് കേസെടുത്തത്.